ഗബ്രിയേല്‍ അറ്റല്‍ (ചിത്രം: AFP)

ഗബ്രിയേല്‍ അറ്റല്‍ (ചിത്രം: AFP)

ഗബ്രിയേല്‍ അറ്റല്‍ ഫ്രാന്‍സിന്‍റെ പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രിയായിരുന്ന എലിസബത്ത് ബോണ്‍ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിലവില്‍ വിദ്യാഭ്യാസ മന്ത്രിയായ അറ്റലിനെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ നിയമിച്ചത്. 34 കാരനായ അറ്റല്‍ പ്രധാനമന്ത്രിപദത്തിലെത്തിയതോടെ ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും നേടി. സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാള്‍ കൂടിയാണ് അറ്റല്‍. 

TOPSHOT-FRANCE-POLITICS-GOVERNMENT-HANDOVER

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി എലിസബത്ത് ബോണും അറ്റലും (ചിത്രം: AFP)

 

അറ്റലിനെ പ്രധാനമന്ത്രിയായി മക്രോ നിയമിച്ചെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അറ്റലിനെ അഭിനന്ദിച്ച് നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളിട്ടു. 1992 ന് ശേഷം ഫ്രാന്‍സില്‍ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ വനിതയായിരുന്നു സ്ഥാനമൊഴിഞ്ഞ എലിസബത്ത് ബോണ്‍. 

 

മക്രോയുടെ വിശ്വസ്തനായ അറ്റല്‍ കോവിഡ് കാലത്ത് സര്‍ക്കാര്‍ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്‍റിനകത്തും പുറത്തും ഒരുപോലെ പ്രശസ്തനും ജനപ്രിയനുമാണ് അറ്റല്‍. ഫ്രാന്‍സിലെ ഏറ്റവും ജനപ്രിയ നേതാവായി അടുത്തയിടെയും അഭിപ്രായ സര്‍വെയില്‍ അറ്റല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടത്തിനെ തുടര്‍ന്ന് മക്രോ സര്‍ക്കാര്‍ ആടിയുലയുകയായിരുന്നു. അറ്റല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകുമെന്നും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകുമെന്നുമാണ് മക്രോയുടെ പ്രതീക്ഷ. അതേസമയം, അറ്റലിനെ മുന്‍നിര്‍ത്തി മക്രോ തന്നെയാവും അധികാരവും കയ്യാളുകയെന്നും അറ്റലാണെങ്കിലും എലിസബത്തായിരുന്നെങ്കിലും എല്ലാം ഡമ്മി  പ്രധാനമന്ത്രി മാത്രമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അറ്റല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് വരാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മക്രോ.

 

Gabriel Attal becomes France's youngest PM