trump-notre-dame-reopening

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്നിക്കിരയായ നോത്രദാം കത്തീഡ്രല്‍ നവീകരണശേഷം തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. യുഎസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യ വിദേശ യാത്രകൂടിയായിരിക്കുമിത്. മഹത്തായ നോത്രദാം  കത്തീഡ്രലിന്‍റെ പുനർനിർമ്മാണത്തിൽ പങ്കെടുക്കാന്‍ സാധിക്കുന്നത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. പള്ളിയുടെ നവീകരണത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം വളരെ സവിശേഷമായ ദിവസമായിരിക്കുമെന്നും എക്സില്‍ കുറിച്ചു. ചടങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2019 ഏപ്രിൽ 15നാണ് നോത്രദാം പള്ളി അഗ്നിക്കിരയായത്. തീപിടുത്തത്തില്‍ പളളിയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉളളിലേക്ക് വീണ് നല്ലൊരു ഭാഗം നശിച്ചിരുന്നു. ഏകദേശം 24 മണിക്കൂറിലേറെ സമയമെടുത്താണ് അന്ന് തീയണച്ചത്. തുടര്‍ന്ന് ആരംഭിച്ച് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയായത്. 7463 കോടി രൂപ ചെലവാക്കിയാണ് നവീകരണം. പളളി പുതുക്കിപ്പണിതപ്പോഴും പഴയ തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. 12–ാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുശിൽപ ശൈലിയിലാണ് നോത്രദാം പളളി നിര്‍മിച്ചിരുന്നത്. പ്രധാന അൾത്താരയുടെ കൂദാശ ഡിസംബർ ഏഴിനു നടക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. അതീവ സുരക്ഷയിലായിരിക്കും 50 ഓളം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഡിസംബർ ഏഴിന് കത്തീഡ്രലിലെത്തുകയും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്യും. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് എത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. സങ്കീർത്തനങ്ങളോടെ പള്ളിയുടെ വാതിലുകൾ തുറക്കും. ഡിസംബർ 8 ന് രാവിലെ 10:30 ന് പൊതു കുർബാന നടക്കും. അന്നേദിവസം വൈകുന്നേരം 5:30 മുതൽ 8 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. കോംപ്ലിമെന്‍ററി ഓൺലൈൻ റിസർവേഷനുകൾ ഡിസംബർ ആദ്യം കത്തീഡ്രലിന്‍റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. 

ENGLISH SUMMARY:

Five years after being ravaged by fire, the Notre Dame Cathedral is reopening following extensive renovations. The inauguration ceremony will see the participation of U.S. elect President Donald Trump, marking his first international visit since the U.S. elections.