dubai-knr-flight

2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരന്മാരായി. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎസ് പൗരന്മാരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഒരു ലക്ഷം കുറവാണ്. 1.1 ലക്ഷത്തിലധികം മെക്‌സിക്കന്‍ പൗരന്മാരും യു.എസ് പൗരത്വം നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടാതെ, പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരന്മാരിൽ 44,800 ത്തിലധികം ആളുകള്‍ ഫിലിപ്പീൻസിൽ നിന്നുള്ളവരും 35,200 ആളുകള്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ളവരുമാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, 2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ നാചുറലൈസേഷന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നാലിലൊന്ന് വരും.

കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ച ശേഷം മാത്രമേ ഒരു വ്യക്തിക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. യു.എസ് പൗരനെ വിവാഹം കഴിച്ച വ്യക്തികള്‍ക്ക്, ഈ കാലാവധി മൂന്ന് വര്‍ഷമായി കുറയുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് പതിറ്റാണ്ടുകളായി നീളുന്നത് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 

 

In 2023, more than 59,000 Indians became US citizens