ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ' ഈ പഴഞ്ചൊല്ല് ഒരിക്കൽ പോലും പറയാത്തവരായി ആരും കാണില്ല. ഇന്ന് ലോക ഈനാംപേച്ചി ദിനം. വംശനാശ ഭീഷണി നേരിടുന്ന ഈനംപേച്ചികളെ കുറിച്ച് ഒന്നറിഞ്ഞുവരാം.
ഈനാംപേച്ചിയെ കണ്ടിട്ടുണ്ടോ. ഈ തൊണ്ണിപ്പത്ത് തൊണ്ണിപ്പത്തെന്ന് പറഞ്ഞോണ്ട് ഓടുന്ന ഈനാംപേച്ചിയെ. നിശാ സഞ്ചാരികളായ ഇവയെ നിങ്ങൾ ചുരുളിയിൽ കണ്ടുകാണും. എല്ലാവരെയും വഴിതെറ്റിച്ചുവിടുന്ന പെരുമാടനെ പിടിച്ചു കെട്ടാൻ തലയിൽ കൊട്ടയുമായി പോയ തിരുമേനിയില്ലെ.. ആ തിരുമേനിയുടെ കൊട്ടയിലിരുന്ന് തിരുമേനിയെ ചുറ്റിച്ച കക്ഷി തന്നെ . കൊട്ടയിൽ ഒരു പന്തുപോലെ ചുരുണ്ടുകിടന്ന ഈനാംപേച്ചി. ഇന്ന് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിലൊന്ന്. ഏഷ്യ - ആഫ്രിക്ക വൻകരകളിൽ 8 സ്പീഷീസുകളായി ഈനാംപേച്ചികൾ കാണപ്പെടുന്നു. വലിപ്പത്തിനനുസരിച്ച് ഒന്നരക്കിലോ മുതൽ 33 കിലോ വരെ ഇവയ്ക്ക് തൂക്കമുണ്ട്. പുറത്തുള്ള കെരാറ്റിൻ ശൽക്കങ്ങളാണ് ഇവയുടെ രക്ഷാകവചം.സ്വയംപ്രതിരോധത്തിനായി ശൽക്കങ്ങൾ കൊണ്ട് പന്തുപോലെ ചുരുളുന്നതാണ് ഇവയുടെ തന്ത്രം. മുൻകാലിലെ നഖങ്ങൾകൊണ്ട് ഭക്ഷിക്കുന്ന ഇവയുടെ പ്രധാന ആഹാരം ഉറുമ്പുകളും ചിതലുകളുമാണ്. ഇറച്ചിക്കും , പരമ്പരാഗത ഔഷധനിർമാണത്തിനും വേണ്ടി അനധികൃതമായി വേട്ടയാടപ്പെടുന്ന ഇവ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുമെന്ന ഭീഷണിയിലാണ്. ചൈനയിലും വിയറ്റ്നാമിലും അമേരിക്കയിലുമാണ് ഈനാംപേച്ചികൾ കൂടുതൽ വെല്ലുവിളി നേരിടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 10 ലക്ഷത്തിലധികം ഈനാംപേച്ചികൾ വേട്ടയാടപ്പെട്ടുഎന്നാണ് കണക്കുകൾ. ഓരോ മൂന്ന് മിനിറ്റിലും ഒരെണ്ണം വീതം വേട്ടയാടപ്പെടുന്നു. ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി നേപ്പാളിലും മറ്റു രാജ്യങ്ങളിലുമായി വിവിധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. പണ്ട് കേട്ടുമറന്ന അപ്പൂപ്പൻ കഥകളിൽ പേടി സ്വപ്നമായി പ്രത്യക്ഷപ്പെടുന്ന ഈനാംപേച്ചികൾ പഴങ്കഥകളിൽ മാത്രം ഒതുങ്ങുന്ന കാലം വിദൂരമല്ല.
world-pangolin-day