34,000 രൂപയ്ക്ക് കുശാലായി ഭക്ഷണം കഴിച്ച ശേഷം ബില്‍ അടക്കാതെ എട്ടംഗകുടുംബം സ്ഥലംവിട്ടു. യുകെയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബെല്ലാ സയോ സ്വാന്‍സീ എന്ന ഹോട്ടലിലെത്തി സമൃദ്ധമായി ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുടുംബത്തിലെ ഒരു സ്ത്രീ രണ്ടു തവണ ബില്‍ അടക്കാന്‍ കാര്‍ഡ് സ്വൈപ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. കുടുംബത്തിന്റെ ഒരു ഫോട്ടോയുള്‍പ്പെടെയുള്ള പരാതിയാണ് ഹോട്ടല്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ മകന്‍ ഹോട്ടലില്‍ ഇരിക്കുമെന്നും മറ്റൊരു കാര്‍ഡുമായി വരാമെന്നും ഈ സ്ത്രീ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മകന് ഒരു കോള്‍ വരുകയും പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു.
റിസര്‍വേഷന്‍ സമയത്ത് കുടുംബം ഹോട്ടലില്‍ നല്‍കിയ ഫോണ്‍നമ്പറും വ്യാജമായിരുന്നെന്ന് ഹോട്ടല്‍ പരാതിയില്‍ പറയുന്നു. പിന്നീട് കുടുംബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ പലയിടത്തും സംഭവിക്കാറുണ്ടെങ്കിലും ഒരു പുതിയ ഹോട്ടലിനോട് ഈ ചതി ചെയ്യരുതായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. സ്ത്രീയും മകനും ബില്‍ അടക്കാന്‍ റിസപ്ഷനില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെ ചിത്രം പ്രിന്റ് ഔട്ട് എടുത്ത് എല്ലായിടത്തും ഒട്ടിച്ചുവെക്കണമെന്നാണ് ഈ ചിത്രത്തിനു താഴെ ഉയരുന്ന കമന്റുകള്‍. ഇതേ കുടുംബം മറ്റൊരിടത്തും സമാനമായ രീതിയില്‍ കബളിപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
Family leaves restaurant without paying bill