ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുന്‍തായ് വെള്ളച്ചാട്ടത്തില്‍ വെള്ളമെത്തിക്കുന്നത് പൈപ്പിട്ട്. യുന്‍തായി മലമുകളില്‍ കയറിയ വിനോദസഞ്ചാരിയാണ് ചൈനീസ് അധികൃതരുടെ തട്ടിപ്പ് പൊളിച്ചത്. പാറ തുരന്ന് സ്ഥാപിച്ച പൈപ്പിന്റെ ഒരുഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വിഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായി. ഇതോടെ ഹെനാന്‍ പ്രവിശ്യയിലെ സീനിക് പാര്‍ക്ക് നടത്തിപ്പുകാര്‍ സംഗതി സമ്മതിച്ചു.

വേനല്‍ക്കാലമായതോടെ സഞ്ചാരികളെ നിരാശപ്പെടുത്തേണ്ടല്ലോ എന്നുകരുതിയാണ് പൈപ്പിട്ട് വെള്ളമടിച്ചതെന്നാണ് സീനിക് പാര്‍ക്കിന്റെ വിശദീകരണം. വളരെ ദൂരെ നിന്നുവരുന്ന ആളുകള്‍ വെള്ളച്ചാട്ടം കാണാതെ മടങ്ങേണ്ടിവരുന്നതിലുള്ള വിഷമം കൊണ്ട് ചെയ്തതാണത്രെ. യുന്‍തായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതില്‍ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാട്ടേണ്ടിവന്നതെന്നും അവര്‍ പറയുന്നു.

വിശദീകരണം കേള്‍ക്കുമ്പോള്‍ ന്യായമാണെന്ന് തോന്നാമെങ്കിലും 70 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ഇവിടം സന്ദര്‍ശിച്ചു എന്നറിയുമ്പോള്‍ അതത്ര ചെറിയ തട്ടിപ്പല്ല എന്ന് മനസിലാകും. ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമെന്ന് അവകാശപ്പെട്ടാണ് ചൈനീസ് അധികൃതര്‍ യുന്‍തായിയെ പ്രൊമോട്ട് ചെയ്യുന്നത്. അത് വിശ്വസിച്ച് വരുന്നവരാണ് 314 മീറ്റര്‍ ഉയരത്തില്‍ നിന്ന് പൈപ്പിട്ട് വെള്ളമടിക്കുന്നത് കണ്ട് സന്തോഷിച്ച് മടങ്ങുന്നത്.

ടിക്ടോക്കിന്റെ ചൈനീസ് പതിപ്പെന്ന് പറയാവുന്ന ഡോയിന്‍ ആപ്പിലാണ് വിഡിയോ ആദ്യം വന്നത്. പതിനായിരക്കണക്കിനാളുകള്‍ ഇത് ഷെയര്‍ ചെയ്തു. കമന്റുകള്‍ക്ക് കണക്കില്ല. ‘തട്ടിപ്പായാലും കുറച്ചുകൂടി പ്രഫഷണലായി ചെയ്യേണ്ടേ’ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. തുരുമ്പെടുത്ത പൈപ്പ് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ തുറിച്ചുനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചോദ്യം. മറ്റുചിലര്‍ അല്‍പ്പം കൂടി മയപ്പെടുത്തിയാണ് പ്രതികരിക്കുന്നത്. ഒരുപാടുദൂരം യാത്ര ചെയ്ത് വെള്ളച്ചാട്ടം കാണാന്‍ വന്നിട്ട് ഒന്നുംകാണാതെ മടങ്ങേണ്ടിവരുന്നതിനേക്കാള്‍ നല്ലതല്ലേ ഇത് എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഏതായാലും ഏഷ്യന്‍ റെക്കോര്‍ഡ് നല്ല വൃത്തിയായി പൊളിഞ്ഞതിന്റെ ജാള്യത്തിലാണ് സീനിക് പാര്‍ക്കും ചൈനീസ് ടൂറിസവും.

ENGLISH SUMMARY:

Scenic park operators in China's Henan province admitted that the country's highest waterfall, Yuntai Falls, is supplemented with water from a pipe due to a lack of rainfall. A video on Douyin revealed the pipe, prompting social media backlash and forcing officials to confess to a "small enhancement during the dry season" to enrich the visitor experience. The disclosure led to mixed reactions online, with some criticizing the artificial enhancement while others appreciated the effort to maintain the landscape. In 2023, the Yuntai Mountain scenic area, where the waterfall is located, attracted over seven million visitors.