ഇന്ന് ലോക അഭയാര്‍ഥി ദിനം. അഭയാര്‍ഥികളോട് ദൃഢഐക്യം എന്നതാണ് ഇത്തവണ ഈ സവിശേഷദിനത്തിനുള്ള പ്രതിപാദ്യവിഷയം. യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍ എന്നിവകൊണ്ട് ജനിച്ച നാടു വീടും ഉറ്റവരേയും വിട്ട് ഓടിപോകേണ്ടി വരുന്ന നിരപരാധികള്‍ ലോകത്തിന്റെ ശ്രദ്ധയും കരുതലും കിട്ടേണ്ടവര്‍ തന്നെയാണ്.
അഭയാര്‍ഥികള്‍ക്ക് ആഗോള തലത്തില്‍ പൂര്‍ണ ഐക്യം, മാന്യമായി ജീവിക്കാനുള്ള ശേഷി വീണ്ടെടുത്ത് നല്‍കല്‍, ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് ഇന്നത്തെ ദിനം സമ്മാനിക്കുന്ന പ്രത്യാശ ഇതാവട്ടെ എന്നാണ് യു എന്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസ് മുന്നോട്ട് വെക്കുന്നത്. 1951ലെ യു എന്നിന്‍റെ റഫ്യൂജി കണ്‍വന്‍ഷന്‍ നിലവില്‍ വന്നത് മുതല്‍ പലായനം ചെയ്യേണ്ടിവരുന്നവരെ മാത്രം നോക്കിയാല്‍ പോലും എണ്ണമെടുക്കാന്‍ പ്രയാസമാകും. അഭയാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ അവകാശങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നാല്‍ അവ നടപ്പാക്കപ്പടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിലെ അഭയാര്‍ഥികളെ മാത്രം കണ്ടാല്‍ മതി. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ക്യാംപുകളില്‍ തിങ്ങിഞെരുങ്ങി കഴിയുന്ന ജനം. കുടിക്കാന്‍ അല്‍പം ശുദ്ധജലം പോലും കിട്ടാനില്ലാത്ത അവസ്ഥ. ജോലിയെടുക്കാന്‍, വാസയോഗ്യമായ ഇടത്ത് കഴിയാന്‍, പഠനത്തിന്, പൊതു ആശ്വാസത്തിന് സഹായത്തിന്, മതം പിന്‍തുടരാന്‍, നിയമസഹായത്തിന് ഒക്കെ അവകാശമുണ്ടെന്നിരിക്കെ മനുഷ്യനെന്ന അവസ്ഥപോലും പരിഗണിക്കപ്പെടാതെയാണ് ഗാസയിലെ ക്യാംപുകളില്‍ പതിനായിരക്കണക്കിന് പേര്‍ ദുരിതം പേറുന്നത്.
കുടിയേറ്റത്തിന്‍റെ മുറിവുകള്‍കൊണ്ട് ലോകമാകെ ശ്രദ്ധനേടിയ മ്യാന്‍മറിന്‍റെ മക്കളെയും ഈ ദിനം ഓര്‍മിക്കാം. സിറിയയില്‍ നിന്ന് കൂട്ടപ്പലായനം ചെയ്തവരെക്കൊണ്ട് നിറഞ്ഞ തുര്‍ക്കിയാണ് അഭയാര്‍ഥികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം. ലോകത്താകമാനമുള്ള അഭയാര്‍ഥികളില്‍ 52ശതമാനവും സിറിയ അഫ്ഗാനിസ്ഥാന്‍ യുക്രെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.എട്ട് മില്യണ്‍ മനുഷ്യര്‍ പലായനം ചെയ്ത സുഡാനാണ് കൂട്ടപ്പലായനക്കണക്കില്‍ നിലവില്‍ മുന്നില്‍. ചെറുവള്ളങ്ങളില്‍, കൊടുംകാട്ടിലൂടെ, കണ്ണെത്താദൂരം പരന്ന് കിടക്കുന്ന മണലാരണ്യത്തിലൂടെ ആവുന്നത്ര ദൂരത്തേക്ക് രക്ഷപ്പെടുന്നതിനിടെ വീണുമരിച്ചവരുടെ കണക്ക് ഒരു സംഘടനയുടെ പക്കലുമില്ല. മാധ്യമങ്ങളോ രക്ഷാസംഘടനകളോ മുന്‍നിരയിലെത്തിക്കാതെ പോയ അസര്‍ബൈജാന്‍ അര്‍മേനിയ തര്‍ക്കഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവരും ലോകത്തിന്റെ കനിവ് തേടുകയാണ്. പുനരധിവാസത്തേക്കാള്‍ ഇനിയും അഭയാര്‍ഥികള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളാണ് ലോകം ഈ സമയം പ്രതീക്ഷിക്കുന്നത്.