പറക്കുന്നതിനിടെ ചെറുവിമാനത്തിന്‍റെ ഗ്ലാസ് കനോപി തുറന്നു പോയിട്ടും അദ്ഭുതകരമായി രക്ഷപെട്ട് വനിത പൈലറ്റ്. ഡച്ച് പൈലറ്റായ നരീന്‍ മെല്‍കുംജനാണ് മനസാന്നിധ്യം കൊണ്ട് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. എക്സ്ട്ര 330 എല്‍എക്സ് എയര്‍ക്രാഫ്റ്റിന്‍റെ ഗ്ലാസ് മേലാപ്പാണ് പറക്കലിനിടെ താനേ തുറന്ന് പോയത്. രണ്ടു പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ചെറുവിമാനമാണിത്. കോവിഡ് കാലത്തിന് പിന്നാലെ നടത്തിയ അക്രോബാറ്റിക് പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം.
വിമാനത്തിന്‍റെ മേലാപ്പ് തുറന്ന് പോകുന്ന ദൃശ്യങ്ങള്‍ കണ്ടവരെല്ലാം നടുങ്ങി. മുഖത്തേക്ക് ശക്തമായി അടിക്കുന്ന കാറ്റിനെ പ്രതിരോധിച്ച് കണ്ണ് തുറന്ന് പിടിക്കാന്‍ മെല്‍കുംജന്‍ പ്രയാസപ്പെടുന്നത് വിഡിയോയില്‍ കാണാം. ശ്വാസതടസവും മുന്നിലുള്ളതൊന്നും കാണാത്ത അവസ്ഥയുമുണ്ടായെന്നും 28 മണിക്കൂറിന് ശേഷമാണ് കാഴ്ച ശക്തി പൂര്‍വസ്ഥിതി പ്രാപിച്ചതെന്നും അദ്ഭുത രക്ഷപെടലിന് ശേഷം മെല്‍കുംജന്‍ എഴുതി. ദുര്‍ഘട സാഹചര്യത്തെയാണ് നേരിടേണ്ടി വന്നതെന്നും വിമാനം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്‍റെ മേലാപ്പില്ലാത്തതിനെ തുടര്‍ന്ന് കോച്ച് പറയുന്നതൊന്നും കേള്‍ക്കാന്‍ സാധ്യമല്ലായിരുന്നുവെന്നും 'പറക്കല്‍ തുടരൂവെന്ന' നിര്‍ദേശം മാത്രമാണ് തന്‍റെ കാതുകളിലുണ്ടായിരുന്നതെന്നും അവര്‍ കുറിച്ചു.
മെല്‍കുംജന്‍ പറത്തിയ ചെറുവിമാനത്തിന്‍റെ കനോപി ലോക്ക് ശരിയായി പ്രവര്‍ത്തിക്കാതിരുന്നതാണ് പറക്കലിനിടെ അപകടമുണ്ടാക്കിയത്. ലോക്ക് കൃത്യമായി വീഴാതിരുന്നത് പൈലറ്റിന്‍റെ ശ്രദ്ധയിലും പെട്ടില്ല. ടേക്ക് ഓഫിന് മുന്‍പ് വിമാനം പരിശോധിച്ചിരുന്നുവെന്നും എന്നാലും വിശദമായി പരിശോധിക്കുന്നതില്‍ വന്ന വീഴ്ച ഒഴിവാക്കിയിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനം പറത്തുമ്പോള്‍ കണ്ണുകളെ സംരക്ഷിക്കുന്നതിനായി ഗ്ലാസുകള്‍ എന്തായാലും ഉപയോഗിക്കണമെന്ന നിര്‍ദേശവും സഹപൈലറ്റുമാര്‍ക്ക് അവര്‍ നല്‍കുന്നു.