Image∙ Shutterstock - 1

ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദം. ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റും മുന്‍ പ്രസിഡന്റും വാാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയപ്പോള്‍  സാമ്പത്തിക, ആരോഗ്യ രംഗങ്ങള്‍ മുതല്‍ അതിര്‍ത്തി സുരക്ഷയും കാപിറ്റോള്‍ ആക്രമണവും വരെ സംവാദത്തില്‍ കടന്നുവന്നു. സ്ഥാനാര്‍ഥികളുടെ പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചയായി. 

 

കാണികളെ ഒഴിവാക്കിയ ആദ്യ സംവാദത്തില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപും കൊമ്പുകോര്‍ത്തു. 

സാമ്പത്തിക, ആരോഗ്യ രംഗങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ സംവാദത്തില്‍ അതിര്‍ത്തി സുരക്ഷയും കുടിയേറ്റവും യുഎസിലെ ഗര്‍ഭച്ഛിദ്ര അവകാശവും മുതല്‍ യുക്രെയ്ന്‍  ഇസ്രയേല്‍ യുദ്ധങ്ങളും  കാപിറ്റോള്‍ ആക്രമണവും വരെ കടന്നുവന്നു.  ട്രംപ് താറുമാറാക്കിയ സാമ്പത്തിക രംഗത്തിന് ഉണര്‍വ് നല്‍കിയെന്ന് ജോ ബൈഡന്‍ അവകാശപ്പെട്ടു. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ട്രംപിന്റെ സാമ്പത്തിക നയങ്ങളിലൂടെ ഗുണംകിട്ടിയത് സമ്പന്നര്‍ക്ക് മാത്രമെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. 

കൊവിഡ് കൈകാര്യം ചെയ്തതില്‍ ബൈഡന്‍ പരാജയമെന്ന് ട്രംപ് തിരിച്ചടിച്ചു. ആരോഗ്യ രംഗം പഴയതിലും മോശമായി.  അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം ബൈഡന്റെ ദുരന്ത തീരുമാനമാണ്. തെക്കന്‍ അതിര്‍ത്തി തുറന്നുകൊടുത്ത്  തീവ്രവാദ സ്വഭാവമുള്ള കുടിയേറ്റക്കാരെ ബൈഡന്‍ യുഎസിലെത്തിച്ചെന്നും ട്രംപ്  ആരോപിച്ചു. കണക്കില്ലാത്ത ധന സഹായം യുക്രൈയ്ന് നല്‍കി അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ബൈഡന്‍ തകര്‍ത്തെന്നും ട്രംപ് തുറന്നടിച്ചു. 

ഒരാഴ്ചത്തെ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ബൈഡനും ട്രംപും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. സെപ്റ്റംബര്‍ 10 നാണ് അടുത്ത സംവാദം. ഇതിന് മുന്നോടിയായി ജുലൈയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനും ഓഗസ്റ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനും നടക്കും. നവംബര്‍ അ‍ഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

Trump-Biden Debate: Two Candidates Take Stage To Lock Horns Over Issues