twenty-twenty

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി ആവേശജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.  17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത്. ലോകകപ്പ് വിജയികള്‍ ആരെന്നറിഞ്ഞ് കഴിഞ്ഞാല്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് അതിന്റെ സമ്മാനത്തുക. വിജയികള്‍ക്ക് മാത്രമല്ല രണ്ടാം സ്ഥാനക്കാരെയും സെമി ഫൈനലിസ്റ്റുകളെയും കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനത്തുകയാണ്. 

ലോകകപ്പ് കിരീടത്തിനൊപ്പം കോടികളാണ് ‍സമ്മാനത്തുകയായി ടീം ഇന്ത്യക്ക് ലഭിക്കുക.  ഫൈനലില്‍ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ‍ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. അതായത് ഏകദേശം 10.67 കോടി രൂപ. സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും  7,87,500 ഡോളറാണ് ലഭിക്കുക. അതായത് ഏകദേശം 6.56 കോടി രൂപ ഇരു ടീമുകള്‍ക്കും ലഭിക്കും. സൂപ്പര്‍ എട്ടില്‍ ഇടം പിടിച്ച ടീമുകള്‍ക്ക് 382,500 ‍ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. രൂപയുടെ വിനിമയനിരക്ക് പ്രകാരം ഒരോ ടീമിനും 3.18 കോടി രൂപയോളം ലഭിക്കും.

ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 247,500 ഡോളറും (2.06 കോടി രൂപ) 13 മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 225,000 ഡോളറുമാണ് സമ്മാനത്തുകയായി ലഭിക്കുക (1.87 കോടി രൂപ). ഇത് കൂടാതെ ഒരോ മല്‍സരം ജയിക്കുമ്പോള്‍ അഡീഷ്ണല്‍ തുകയായി 26 ലക്ഷം രൂപയും ടീമുകള്‍ക്ക് ലഭിക്കും. ഇനി ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന് അറിയണ്ടേ? 2.45 മില്യണ്‍ ഡോളറാണ് ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിക്കുക. അതായത് ‍ടീം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത് 20.45 കോടി രൂപയാണ്. ലോകകപ്പില്‍ ആകെ 11.25 മില്യണ്‍ ഡോളറാണ് ഐസിസി ഇത്തവണ സമ്മാനത്തുകയായി നൽകിയത്. അതായത് ഏകദേശം 93.78 കോടി രൂപ. 

ENGLISH SUMMARY:

T20 World Cup 2024 Prize Money for Winner and Runner-Up