TOPICS COVERED

ഫ്രാൻസിസ് മാർപാപ്പയുടെയും ചാൾസ് രാജാവിന്റെയും സന്ദേശങ്ങൾ പരസ്പരം കൈ മാറിക്കൊണ്ട് വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലീഷ് പര്യടനം സമാപിച്ചു. ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി വത്തിക്കാൻ ടീമിനു വിൻഡ്‌സർ കാസിലിലും ബെക്കിങ് ഹാം പാലസിലും രാജകുടുംബം ആതിഥ്യമരുളി.

വൈവിധ്യങ്ങൾക്കിടയിലും പരസ്പരം ഒന്നിക്കാനുള്ള വഴികൾ തേടാൻ സാധിക്കുമ്പോഴാണ് സമാധാനം നിറഞ്ഞ സമൂഹം സൃഷ്ടിക്കപ്പെടുന്നത് എന്ന ഫ്രാൻസിസ് മാർപാപ്പയുടെയും, വത്തിക്കാൻ ക്രിക്കറ്റ് ടീമിനെ വിൻഡ്സർ കാസിൽ ഗ്രൗണ്ടിൽ സ്വീകരിക്കാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള ചാൾസ് രാജാവിന്റെയും സന്ദേശങ്ങൾ വായിച്ചു കൊണ്ടാണ് പൂർണ്ണമായും മലയാളികൾ അടങ്ങിയ വത്തിക്കാൻ ടീമിന്റെ ക്രിക്കറ്റ് ഇംഗ്ലണ്ട് പര്യടനം അവസാനിച്ചത്. 

ലണ്ടൻ യൂണിവേഴ്സിറ്റി ചാംപ്യന്‍മാരായ സെന്റ് മേരീസ് യൂണിവേഴ്സിറ്റി ടീമിനെ 5 റൺസിനു പരാജയപ്പെടുത്തിയ വത്തിക്കാൻ ടീം കിങ്‌സ് ഇലവനോട് 2 വിക്കറ്റിന് പരാജയപ്പെട്ടു. കിങ്‌സ് ഇലവനെതിരെ നടന്ന മത്സരത്തിൽ നെടുങ്കണ്ടം സ്വദേശിയായ എബിൻ ജോസ് മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കി. മാർപാപ്പയുടെ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ട് ക്വീൻസ് ഗാർഡിന്റെ ബാൻഡും ഉണ്ടായിരുന്നു. കത്തോലിക്കാ സഭയും അംഗ്ലിക്കൻ സഭയും തമ്മിൽ മാത്രമല്ല ഇംഗ്ലീഷ് ഇറ്റാലിയൻ നയതന്ത്ര സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും വത്തിക്കാൻ ടീമിന്റെ പര്യടനം സഹായിച്ചെന്ന് വത്തികാനിലേക്കുള്ള ബ്രിട്ടീഷ് അംബാസിഡര്‍ ക്രിസ് ട്രോട്ട് അഭിപ്രായപ്പെട്ടു.