മല്‍സ്യത്തൊഴിലാളികളുടെ ബോട്ടിനുമേലേക്ക് കുതിച്ചു ചാടി തിമിംഗലം. ബോട്ട് മുങ്ങി അപകടമുണ്ടായെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപെട്ടു. യു.എസിലെ ന്യൂഹാംഷയറിലാണ് സംഭവം. ചൊവ്വാഴ്ച ഒഡിയോണ്‍ പോയിന്‍റ് സ്റ്റേറ്റ് പാര്‍ക്ക് പ്രദേശത്ത് വച്ചാണ് തിമിംഗലത്തിന്‍റെ ആക്രമണം ഉണ്ടായത്.
തിമിംഗലം ബോട്ടിന് മേലേക്ക് പതിച്ചതും ബോട്ടിലുണ്ടായിരുന്ന രണ്ട് മല്‍സ്യത്തൊഴിലാളികളും തെറിച്ചു പോയി. ബോട്ട് മുങ്ങി. അടിയന്തരരക്ഷാ സന്ദേശമെത്തിയതോടെ കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തേക്ക് എത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് എത്തുന്നതിന് മുന്‍പ് തന്നെ മറ്റൊരു ബോട്ടിലുണ്ടായിരുന്ന യുവാക്കള്‍ ഇരുവരെയും രക്ഷിച്ചുവെന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഇരുവര്‍ക്കും പരുക്കുകളില്ല. ബോട്ട് കോസ്റ്റ്ഗാര്‍ഡ് കരയില്‍ എത്തിച്ചു.
തിംമിംഗലത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യുവാക്കളിലൊരാള്‍ പകര്‍ത്തിയ വിഡിയോ നാല് ദശലക്ഷത്തോളം പേരാണ് ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. അപ്രതീക്ഷിതമായാണ് തിമിംഗലത്തിന്‍റെ ആക്രമണം ഉണ്ടായതെന്നും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ അത് ബോട്ടിന് മേലേക്ക് പതിച്ചിരുന്നുവെന്നും ആക്രമണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ട റെയ്ലന്ഡ് കെന്നി പറഞ്ഞു. കെനിക്കൊപ്പം ഗ്രെഗ് എന്ന സുഹൃത്താണ് ബോട്ടിലുണ്ടായിരുന്നത്. പരുക്കേല്‍ക്കാതെയും തിമിംഗലത്തിന്‍റെ വായില്‍ അകപ്പെടാതെയും രക്ഷപെട്ടത് തന്നെ മഹാഭാഗ്യം എന്നും കെന്നി കൂട്ടിച്ചേര്‍ത്തു.