russia-ukraine

Image Credit: https://x.com/rshereme

കൊല്ലപ്പെട്ട യുക്രെയ്ന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വില്‍ക്കുന്നതായി ആരോപണം. യുക്രെയ്ന്‍ തടവുകാരന്‍റെ ഭാര്യയാണ് റഷ്യക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം റഷ്യന്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. തങ്ങളെ പൈശാചികവത്കരിക്കാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. 

റഷ്യ വിട്ടുനില്‍കിയ പല യുക്രെയ്ന്‍ സൈനികരുടെയും മൃതദേഹങ്ങളില്‍ പ്രധാന അവയവങ്ങള്‍ ഇല്ലായിരുന്നെന്ന് ഫ്രീഡം ടു ഡിഫൻഡേഴ്‌സ് ഓഫ് മരിയുപോൾ ഗ്രൂപ്പിൻ്റെ മേധാവി ലാറിസ സലേവ പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളും യുക്രെയ്ന്‍ അംബാസിഡര്‍ വാസില്‍ ബോഡ്നറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. 

റഷ്യന്‍ തടവറയില്‍ കൊല്ലപ്പെട്ടതും മരിച്ചതുമായി യുക്രെയ്ന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുമ്പോള്‍ അവര്‍ അനുഭവിച്ച ക്രൂരതകളുടെ ആഴം വ്യക്തമായിരുന്നു. എന്നാലിപ്പോഴിതാ നമുക്ക് ലഭിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ മൃതദേഹങ്ങളില്‍ പ്രധാന അവയവങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇതിന് പിന്നില്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന അവയവ കച്ചവട മാഫിയ ആകാമെന്നും സലേവ ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ യുദ്ധത്തടവുകാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അവയവ കച്ചവട മാഫിയ റഷ്യയിൽ സജീവമാണെന്നും സലവേ കൂട്ടിച്ചേര്‍ത്തു. ഈ കുറ്റകൃത്യത്തിന് തടയിടാൻ ലോകമെമ്പാടു​ം ഇതിനെപറ്റി ചര്‍ച്ച ചെയ്യണമെന്നും അവർ പറഞ്ഞു.

നിലവില്‍ 10,000ത്തിലേറെ യുക്രെയ്നിയക്കാർ റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യന്‍ തടവറയില്‍ കഴിയുന്ന യുക്രെയ്ന്‍ സൈനികരുടെ ആരോഗ്യം നിരീക്ഷിക്കാൻ ഒരു സ്വതന്ത്ര മെഡിക്കൽ കമ്മീഷൻ രൂപീകരിക്കുന്നതിന് പിന്തുണ നൽകണമെന്ന് സലേവ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനോട് അഭ്യർത്ഥിച്ചു.

ENGLISH SUMMARY:

Russia stealing, selling organs of dead Ukrainian prisoners