പ്രശസ്ത റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും ബൈക്ക് റൈഡറുമായ താത്യാന ഒസോലിനയ്ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. തുടര്ക്കിയിലാണ് അപകടം നടന്നത്. താത്യാന ഓടിച്ചിരുന്ന ബിഎംഡബ്ല്യു ബൈക്ക്, ട്രക്കില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. 38കാരിയായ താത്യാന ഒസോലിന മോട്ടോതാന്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. റഷ്യയിലെ ഏറ്റവും സുന്ദരിയായ റൈഡര്‍ എന്ന പേരിലും പ്രശസ്തയാണ് താത്യാന.
ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ബൈക്കില്‍ തന്നെയായിരുന്നു താത്യാനയുടെ അവസാനയാത്രയും. മിലാസ്-സോക്ക് ഹൈവേയില്‍ വച്ചാണ് താത്യാനയുടെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ താത്യാന മരിച്ചു. കൂടെയുണ്ടായിരുന്ന തുര്‍ക്കി ബൈക്ക് റൈഡര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താത്യാന അവസാന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തുര്‍ക്കിയില്‍ നിന്നും ചിത്രീകരിച്ച വിഡിയോയില്‍ ബൈക്കുകളോടുളള തന്റെ സ്നേഹത്തെക്കുറിച്ചാണ് താത്യാന പറയുന്നത്. കൂടാതെ തന്റെ പ്രിയപ്പെട്ട ബൈക്കിനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്. ബൈക്കുമായി ഗ്രീസില്‍ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ സങ്കടവും വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ താത്യാന വ്യക്തമാക്കിയിട്ടുണ്ട്.
ബൈക്കിനോടും റൈഡിങ്ങിനോടുമുളള അതിയായ പ്രണയത്താല്‍ തന്റെ ആദ്യ സമ്പാദ്യം കൊണ്ട് ഒരു ബൈക്ക് വാങ്ങുകയാണ് താത്യാന ചെയ്തത്. പിന്നീട് യാത്രകളും രസകരമായ റൈഡിങ് വിഡിയോസും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. റഷ്യയിലെ ഏറ്റവും സുന്ദരിയായ റൈഡര്‍ എന്ന വിശേഷണവും താത്യാന സ്വന്തമാക്കി. 10 ലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ താത്യാനയെ ഫോളോ ചെയ്യുന്നത്.