യൂബര്‍ ഡ്രൈവറുടെ കണ്ണില്‍ കുരുമുളക് സ്പ്രേ കൊണ്ട് ആക്രമണം നടത്തിയ യാത്രക്കാരി പിടിയില്‍. യുഎസിലെ മാന്‍ഹട്ടനില്‍ ചൊവ്വാഴ്ച രാത്രി 11.20നാണ് സംഭവം. ജെന്നിഫര്‍ ഗില്‍ബേട്ട് എന്ന യാത്രക്കാരിയും സുഹൃത്തും ടാക്സിയുടെ പിന്‍വശത്ത് ഇരുന്നാണ് യാത്ര ചെയ്തത്.
പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും കൂടാതെ പിന്‍സീറ്റില്‍ നിന്നും എഴുന്നേറ്റ് ജെന്നിഫര്‍ ഡ്രൈവറുടെ മുഖത്തേക്ക് സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആ സമയം ഡ്രൈവര്‍ മറ്റാരോടോ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. യുവതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി പുറത്തിറങ്ങാന്‍ ശ്രമിച്ച ഡ്രൈവറുടെ നേര്‍ക്ക് യുവതി വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
അതേസമയം യുവതിയുടെ പൊടുന്നനെയുള്ള ആക്രമണത്തില്‍ അമ്പരന്ന സുഹൃത്ത് പലതവണ അവരുടെ പ്രവൃത്തിയെ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണിലും മുഖത്തും സാരമായ തോതില്‍ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് യൂബര്‍ ഡ്രൈവര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.
കുരുമുളക് സ്പ്രേ ആക്രമണത്തിനു കാരണമെന്താണെന്ന് അവ്യക്തമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്‍ഹട്ടന്‍ പൊലീസ് അറിയിച്ചു. യാത്രക്കാരിക്ക് യൂബര്‍ കമ്പനിയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിരോധനം ഏര്‍പ്പെടുത്തിയെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.