AI generated image

‘എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല?’..ഇന്തൊന്യേഷ്യയില്‍ കല്യാണകാര്യം ചോദിച്ച് പിന്നാലെ നടന്ന അയല്‍വാസിയെ കൊലപ്പെടുത്തി നാല്‍പ്പത്തിയഞ്ചുകാരന്‍. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി റീജൻസിയില്‍ ജൂലൈ 29നാണ് സംഭവം. 60 കാരനായ റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍ അസ്ഗിം ഇരിയാന്‍റോയാണ് കൊലപ്പെട്ടത്.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ച് 45 കാരനായ പർലിന്ദുംഗൻ സിരേഗറിനെ അസ്ഗിം ഇരിയാന്‍റോ നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ അസ്വസ്ഥനായ പർലിന്ദുംഗൻ ജൂലൈ 29ന് രാത്രി ഇരിയാന്‍റോയായുടെ വീട്ടില്‍ അതിക്രമിച്ചു കയറി മരക്കഷണം കൊണ്ട് ആക്രമിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ വീട്ടില്‍ നിന്നിറങ്ങിയോടിയ 60കാരനെ പർലിന്ദുംഗൻ പിന്തുടര്‍ന്ന് ഓടിച്ചിട്ട് അടിക്കുകയായിരുന്നു. നിലത്ത് വീണിട്ടും മര്‍ദനം തുടര്‍ന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് അസ്ഗിം ഇരിയാന്‍റോയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ യാത്രാമധ്യേ മരണം സംഭവിച്ചു. തലയ്ക്കേറ്റ കനത്ത പ്രഹരമാണ് മരണ കാരണം.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുംഗൻ സിരേഗർ പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിനിടെയാണ് അസ്ഗിം ഇരിയാന്‍റോ കല്യാണ കാര്യം പറഞ്ഞ് തന്നെ നിരന്തരം പരിഹസിക്കുകയും വിവാഹം കഴിക്കാത്തത് എന്താണെന്ന് ചോദിച്ച് ശല്യം ചെയ്യാറുമുണ്ടെന്ന് പാർലിന്ദുംഗൻ പറഞ്ഞത്. ഇതില്‍ അസ്വസ്ഥനായാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY:

45-year-old man in Indonesian beat his neighbour to death for constantly asking him why he wasn't married.