question-paper-leak-probe

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെങ്ങനെയെന്നു കണ്ടെത്തുക എളുപ്പമാവില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍. പത്താംക്ലാസിലെയും പ്ലസ് വണിലെയും പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഏറെപ്പേര്‍ ഇടപെടുന്ന ഈ പ്രക്രിയ മുഴുവന്‍ പരിശോധിക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓണം–ക്രിസ്മസ്  പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്നത് വികേന്ദ്രീകൃതമാകണം എന്ന ആവശ്യമാണ് ഉയരുന്നത്. 

പത്താം ക്ളാസ് ഇംഗ്ളീഷ്, പ്ളസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതും അവ ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നുവെന്നതും വിദ്യാഭ്യാസ വകുപ്പിന് സൃഷ്ടിച്ചിരിക്കുന്നത് ചില്ലറ തലവേദനയല്ല.  പത്താം ക്ളാസ് ചോദ്യപേപ്പര്‍ ഡയറ്റുകളാണ് തയാറാക്കുന്നത്. ഇത് എസ്.എസ്.കെ. അച്ചടിച്ചു നല്‍കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതോ, അച്ചടിക്കുന്നതോ സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലുമല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെപ്പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ തയാറാക്കുന്നത് എസ്​സിഇആര്‍ടി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയിലാണ്. ഓരോ ഗ്രൂപ്പിലും എട്ട് വരെ അധ്യാപകരുണ്ടാവും. ഒപ്പം എസ്​സിഇആര്‍ടി ഉദ്യോഗസ്ഥരും. തയ്യാറാക്കുന്ന രണ്ട് സെറ്റ് ചോദ്യപേപ്പറില്‍ നിന്ന് ഒരെണ്ണം കേരളത്തിന് പുറത്തെ പ്രസ്സിലാണ് അച്ചടിക്കുന്നത്. അവര്‍ന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും. പൊതുപരീക്ഷയുടെ സുരക്ഷാ മാനദണ്ഡം ഒന്നും അതുപോലെ ഇവിടെയും പാലിക്കുക എളുപ്പമല്ലെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. വാട്സാപ്പും ഇ മെയിലും എല്ലാം ഉപയോഗിച്ചുള്ള പ്രക്രിയയുമാണിത്. ചോദ്യപ്പേപ്പര്‍ മുഴുവാനായാവില്ല, പലപ്പോഴും ചില ചോദ്യങ്ങള്‍ മാത്രമായാവും പുറത്തുവരിക. അതുകൊണ്ടുതന്നെ  പൊലീസിനും സൈബര്‍സെല്ലിനും അന്വേഷണം അത്ര എളുപ്പമാവില്ലെന്ന് വ്യക്തം.  

Google News Logo Follow Us on Google News

ENGLISH SUMMARY:

Education experts state that it will not be easy to determine how the Christmas exam question paper was leaked.