യുട്യൂബിന്റെ പ്രഥമ സിഇഒയും ദീര്‍ഘകാലം ഗൂഗിളിന്റെ എക്സിക്യുട്ടീവ് ഓഫീസറുമായിരുന്ന സൂസന്‍ വുചുറ്റ്സ്കി അന്തരിച്ചു. 53 വയസായിരുന്നു. രണ്ടു വര്‍ഷമായി ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജിനും സെര്‍ജി ബ്രിന്നിനും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളായിരിക്കെ പരീക്ഷണങ്ങള്‍ക്കായി സ്വന്തം കാര്‍ പാര്‍ക്കിങ് സൂസന്‍ വിട്ടുകൊടുത്തു. ഇതായിരുന്നു സൂസന്റെ കരിയറിന്റെ തുടക്കം. f
കലിഫോര്‍ണിയയിലെ സൂസന്റെ വീട്ടിലെ ഈ ഗാരിജ് ആയിരുന്നു ആദ്യ ഗൂഗിള്‍ഓഫീസ്. ഇന്റലിലെ ജോലി ഉപേക്ഷിച്ച് 1999ല്‍ സൂസന്‍ ഗൂഗിളിന്റെ ആദ്യകാല ജീവനക്കാരിലൊരാളായി ചേര്‍ന്നു. 2006ല്‍ ഗൂഗിള്‍ യുട്യൂബ് വാങ്ങുമ്പോള്‍ സ്ഥാപനത്തിന്റെ പരസ്യവിഭാഗം വൈസ് പ്രസിഡന്റായിരുന്നു. 2014ല്‍ യുട്യൂബ് സിഇഒ ആയി. 2023ല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് സൂസന്‍ ജോലി വിട്ടു.
രണ്ട് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പിനെ ആഗോള ഇന്റര്‍നെറ്റ് ഭീമന്‍മാരാക്കി മാറ്റിയതില്‍ സൂസന്റെ മാര്‍ക്കറ്റിങ് മികവ് നിര്‍ണായകമാണ്. ഗൂഗിളില്‍ ഡിജിറ്റല്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് പരസ്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സംവിധാനവും സൂസന്റെ ബുദ്ധിവൈഭവമായിരുന്നു. ഇന്ത്യയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഡെന്നിസ് ട്രോപ്പറാണ് ഭര്‍ത്താവ്. അഞ്ചു മക്കളില്‍ 19വയസുകാരനായിരുന്ന മൂത്ത മകന്‍ ഈ വര്‍ഷമാദ്യം മരിച്ചിരുന്നു.