പ്രമുഖ ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണവുമായി ഒന്നിലധികംപേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. എൻബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പൊലീസോ ഔദ്യോഗിക വൃത്തങ്ങളോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. മരണകാരമായ കെറ്റാമൈന്‍ പെറിയുടെ ശരീരത്തില്‍ അമിത അളവില്‍ എങ്ങനെയെത്തി എന്നതില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് നടൻ മാത്യു പെറിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോസാഞ്ചല്‍സിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്നായിരുന്നു ആദ്യം വന്ന നിഗമനം. പിന്നാലെ കവര്‍ച്ച, കൊലപാതകം ഉള്‍പ്പെടെയുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കെറ്റാമൈനാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞത്.

വിഷാദം, ഉത്കണ്ഠ എന്നിവയുടെ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന അനസ്തെറ്റിക്കാണ് കെറ്റാമൈന്‍. കെറ്റാമൈന്‍ ഇന്‍ഫ്യൂഷന്‍ തെറാപ്പിക്ക് അദ്ദേഹം വിധേയമായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തെറാപ്പിയുടെ അവസാനഘട്ടം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പേ കഴിഞ്ഞതായാണ് അവര്‍ അറിയിച്ചത്. പെറിയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത് പെറിയുടെ ശരീരത്തില്‍ കണ്ടെത്തിയ കെറ്റാമൈന്‍ ഇന്‍ഫ്യൂഷന്‍ തെറാപ്പി വഴിയല്ല എത്തിയത് എന്നാണ്. തെറാപ്പിക്ക് ഉപയോഗിക്കുന്നതിലും വലിയ അളവില്‍ കെറ്റാമൈന്‍ ശരീരത്തിലുണ്ടായിരുന്നു. തെറാപ്പി കഴിഞ്ഞിരിക്കെ നടന്‍റെ ശരീരത്തില്‍ ഇത്രയധികം കെറ്റാമൈന്‍ എത്തി എന്നതാണ് അന്വേഷിക്കുന്നത്.

2018 മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മാത്യുപെറിയെ അലട്ടിയിരുന്നു. പത്തു വര്‍ഷത്തോളം മാത്യൂ പെറി മയക്കുമരുന്നിന് അടിമയായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളാണ് ഇവയെല്ലാം. കെറ്റാമൈൻ ഉൾപ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. എന്നാൽ ഒന്നര വര്‍ഷത്തോളം അദ്ദേഹം ഇത്തരം സാഹചര്യങ്ങളില്‍ നിന്നെല്ലാം മാറി നടക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2018-ൽ മയക്കുമരുന്ന് ഉപയോഗം മൂലം വൻകുടൽ പൊട്ടിയതുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നു. ഒന്നിലധികം ശസ്ത്രക്രിയകളും മാസങ്ങളോളം നീണ്ട ചികിത്സയിലൂടെയുമാണ് ഇതില്‍ നിന്നും മുക്തനായത്. 

എന്‍.ബി.സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ‘ഫ്രണ്ട്‌സി’ലെ ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തിലൂടെയാണ് പെറി ശ്രദ്ധേയനാകുന്നത്. 1994 മുതല്‍ 2004 വരെ പ്രദര്‍ശിപ്പിച്ച സീരീസിന് പത്ത് സീസണുകളുണ്ടായിരുന്നു. ഷീ ഈ ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, 17 ഇയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ 54 വയസായിരുന്നു. 

ENGLISH SUMMARY:

Multiple people have been arrested in connection with the death of the famous Hollywood actor Matthew Perry. Meanwhile, neither the police nor official sources have confirmed the news. An investigation into how Perry's fatal ketamine overdose ended up is ongoing.