Trump (Left) Anthony Hopkins as Hannibal (Right)

അമേരിക്കന്‍ പ്രസിഡന്‍റാവാന്‍ വീണ്ടും ഇറങ്ങിത്തിരിച്ച ഡോണള്‍ഡ്  ട്രംപും ഹാനിബളും തമ്മിലെന്ത് ബന്ധം? അര്‍ധസത്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും കൊണ്ട് പ്രചാരണത്തില്‍ പ്രകമ്പനമുണ്ടാക്കുന്ന  ട്രംപ് ഹാനിബളിന്‍റെ  പേരു പറഞ്ഞത് ലക്ഷ്യമിടുന്നത് ആരെ - കുടിയേറ്റക്കാരെയോ?

അതിനാദ്യം ട്രംപിന്‍റെ ഹാനിബള്‍ ആരെന്നറിയണം. രണ്ടുപേരാണ് ഈ പേരില്‍ പ്രശസ്തര്‍. 

1. റോമന്‍ അധിനിവേശത്തിനെതിരെ കാര്‍തേജിലെ സൈന്യത്തെ നയിച്ച ജനറല്‍. ദുരന്തം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പഴയ റോമാക്കാര്‍ പറഞ്ഞ ‘അതാ ഹാനിബള്‍ കവാടത്തില്‍!!’ എന്ന പ്രയോഗത്തിന് ഇന്നും പ്രസക്തിയുണ്ട്. 

2. മനുഷ്യരെ കൊന്ന് ഭക്ഷിച്ചിരുന്ന ഡോ.ഹാനിബള്‍ ലെക്ടര്‍ എന്ന അതിഭീകര വില്ലന്‍ – വിഖ്യാത നടന്‍ ആന്തണി ഹോപ്കിന്‍സ് ഹാനിബളിനെ അവതരിപ്പിച്ച ഈ ചിത്രം 1992ല്‍ മികച്ച നടനും നടിക്കും സിനിമയ്ക്കുമടക്കം നേടിയത് ഏഴ് ഓസ്കറുകള്‍. ക്ലാരിസ് സ്റ്റാര്‍ലിങ് എന്ന എഫ്ബിഐ ട്രെയിനിയുടെ വേഷമിട്ട ജോഡി ഫോസ്റ്റര്‍ കൊലപാതകിയെ കണ്ടെത്താന്‍ ഹാനിബളിന്‍റെ സഹായം തേടുന്നതാണ്  ഇതിവൃത്തം. 

ഇന്നും സൈനിക വിദ്യാലയങ്ങളില്‍ പാഠ്യവിഷയമായ, രാഷ്ട്രതന്ത്ര‍ജ്ഞനും അന്നത്തെ റോമന്‍ സാമ്രാജ്യത്തെ വിറപ്പിച്ചവനുമായ ജനറല്‍ ഹാനിബളിനെ  ആണ് ട്രംപ്  ഇടയ്ക്കിടെ പരാമര്‍ശിക്കുന്നത്  എന്ന് ആരും വിശ്വസിക്കല്ലേ. ലോക സാഹിത്യത്തിലെ ഏറ്റവും ക്രൂരനായ വില്ലന്മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാനിബള്‍ ലെക്ടറാണ് ട്രംപിന്‍റെ ഇഷ്ടക്കാരന്‍. ‘സൈലന്‍സ് ഓഫ് ദ് ലാംബ്സ്’ സിനിമ കണ്ട കാലത്ത്  ഹാനിബളിന്‍റെ ക്രൂരത കാണാതെ കണ്ണടച്ച ട്രംപ് ആ വില്ലനെയാണ് അമേരിക്കക്കാരെ പേടിപ്പിക്കാനായി കൂട്ടുപിടിച്ചിരിക്കുന്നത്. 

Image: wallhaven.cc

എന്താവാം ട്രംപിനെ ആകര്‍ഷിക്കുന്നത്? കര്‍മം കൊണ്ട് മനശാസ്ത്രജ്ഞനെങ്കിലും ക്രൂരമായ പ്രവര്‍ത്തികള്‍ കൊണ്ട് അതീവസുരക്ഷാ മാനസികാരോഗ്യകേന്ദ്രത്തില്‍ മുഖമടക്കം മറയ്ക്കുന്ന ഇരുമ്പ് കവചമിട്ട് ഏകാന്തതടവില‍ാക്കപ്പെട്ട ഹാനിബളിനെ സാധാരണ മനുഷ്യരാരും ഒപ്പം കൂട്ടില്ല. പെരുമാറ്റം പ്രിയങ്കരമായ രീതിയിലെങ്കിലും ഹാനിബള്‍ മനുഷ്യനെ മാത്രമല്ല അവന്‍റെ വികാരങ്ങളെയും വിചാരങ്ങളെയും ഭക്ഷിക്കുന്നവനാണ്. മനുഷ്യന്‍റെ വികാരങ്ങളെ വട്ടം കറക്കി അവരെ കളിപ്പാവകളാക്കുന്നവനാണ്. നിഗൂഢവും വഴിതെറ്റിച്ചേക്കാവുന്നതുമായ സൂചനകള്‍ നല്‍കി ഏജന്‍റ് സ്റ്റാര്‍ലിങ്ങിനെ പലതവണ കുഴപ്പത്തിലാക്കുന്നു. ഈ വില്ലന്‍റെ ഏറ്റവും വലിയ ആയുധം ബുദ്ധിശക്തിയാണ്.

ഈ രാജ്യത്ത് വേണ്ടാത്തവരെ ഇങ്ങോട്ട് തുറന്നുവിടുന്നവര്‍ നമുക്കിടയിലുണ്ട്

ഇങ്ങനെയൊരു വില്ലനെ തന്‍റെ പ്രസംഗങ്ങളില്‍ എന്തിന് ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി പരാമര്‍ശിക്കണം – ‘നിങ്ങളിലാരെങ്കിലും സൈലന്‍സ് ഓഫ് ദ് ലാംബ്സ് കണ്ടിട്ടുണ്ടോ? അന്തരിച്ച മഹാനായ ജനറല്‍ ഹാനിബള്‍ ലെക്ടറെ?. നിങ്ങളെ അത്താഴത്തിന് കൂട്ടാന്‍ അയാള്‍ ഇഷ്ടപ്പെടുന്നു. അത് മാനസികാരോഗ്യകേന്ദ്രങ്ങളാണ്. അവര്‍ മാനസികാരോഗ്യകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയാണ്’ – ജൂലൈയിലെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രംപ് പ്രസംഗിച്ചു. 

ഹാനിബള്‍ ലെക്ടറെപ്പോലെ തന്നെ ട്രംപും നിഗൂഢവും വഴിതെറ്റിക്കുന്നതുമായ സൂചനകള്‍ നല്‍കുകയാണ്. ഗ്രേറ്റ് എന്നും ജനറല്‍ എന്നും പറഞ്ഞ്  പഴയ കാര്‍ത്തേജ് ജനറലിനെപ്പോലെ ക്രൂരനായ കൊലപാതകിയെയും ട്രംപ് മഹത്വവല്‍കരിക്കുകയാണ്. മനുഷ്യരെ തിന്നുന്ന ഡോ.ഹാനിബള്‍ നിങ്ങളെ അത്താഴത്തിന് ക്ഷണിക്കുമെന്ന് പറഞ്ഞ് സാധാരണ അമേരിക്കക്കാരെ പേടിപ്പിക്കുകയാണ്. ഹാനിബളിന്‍റെ അത്താഴം തന്നെ മനുഷ്യരായിരുന്നു. 

ജൂലൈയിലെ പ്രസംഗത്തിന്‍റെ അര്‍ഥം കുറേക്കൂടി മനസിലാക്കാന്‍ മേയില്‍ ന്യൂജേഴ്സിയില്‍ നടന്ന പ്രസംഗത്തിലെ ചില വരികള്‍ കൂടി കേള്‍ക്കണം. ‘ഗ്രേറ്റ് ഹാനിബള്‍ ലെക്ടറെ ഓര്‍മയുണ്ടോ’ എന്നു ചോദിച്ചശേഷം ട്രംപ് പറയുന്നു – ‘ഈ രാജ്യത്ത് വേണ്ടാത്തവരെ ഇങ്ങോട്ട് തുറന്നുവിടുന്നവര്‍ നമുക്കിടയിലുണ്ട്’.

എക്കാലത്തും കുടിയേറ്റവിരുദ്ധ സമീപനം പുലര്‍ത്തുന്ന ട്രംപ് അമേരിക്കക്കാരെ ഹാനിബള്‍ ലെക്ടര്‍ എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കുകയാണ്. കുടിയേറ്റക്കാരെ അമേരിക്കയില്‍ കയറ്റി സ്വതന്ത്രമായി വിട്ടാല്‍ അവര്‍ നിങ്ങളെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്‍റെ  പച്ച ഇംഗ്ലീഷ് പച്ച മലയാളത്തിലാക്കിയാല്‍ അര്‍ഥം. 

ഹാനിബളിനെ കൂട്ടുപിടിച്ചുമാത്രമല്ല, വസ്തുതകള്‍ വളച്ചൊടിച്ചുമാണ് ട്രംപ് കുടിയേറ്റ വിരുദ്ധതയുമായി വെറുപ്പിന്‍റെ കടകള്‍ തുറക്കുന്നത്. ബൈഡന്‍റെ കാലത്ത്  തൊഴിലുകള്‍  നൂറുശതമാനവും കുടിയേറ്റക്കാര്‍ക്കാണ് ലഭിച്ചതെന്ന ട്രംപ് വചനം ഉദാഹരണം. കണക്കുകള്‍ വച്ച് ട്രംപ് ഇവിടെ കളിച്ചതാണ്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന, പൗരത്വം നേടിയവരും ട്രംപിന്‍റെ കണക്കില്‍ കുടിയേറ്റക്കാരാണ്. 2023ൽ സ്വദേശി അമേരിക്കക്കാരില്‍  740,000 പേര്‍ക്ക് ജോലി കിട്ടിയപ്പോള്‍ ഇതരവംശീയതകളില്‍പ്പെട്ട 17 ലക്ഷം പേര്‍ക്ക് ജോലി കിട്ടി. സ്വദേശി അമേരിക്കക്കാര്‍ക്കിടയില്‍ പ്രായം കൂടിയവരാണേറെയും എന്നതാണ് ഒരു കാരണം. മാത്രമല്ല തൊഴിലില്ലാത്ത സ്വദേശി അമേരിക്കക്കാരുടെ എണ്ണം മറ്റുള്ളവരേക്കാള്‍ കുറവുമാണ്. 

കുടിയേറ്റം മൂലം അമേരിക്കന്‍ പൗരന്മാരായ കറുത്ത വർഗക്കാര്‍ക്കും  ഹിസ്പാനിക് വംശജര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് ട്രംപിന്‍റെ മറ്റൊരു അവകാശവാദം. യഥാര്‍ഥത്തില്‍. ട്രംപിന്‍റെ കാലത്ത് കറുത്തവര്‍ഗക്കാരുടെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനവും ഹിസ്പാനിക് വംശജരുടേത് 8.5 ശതമാനവുമായിരുന്നു. ഇതിന് കോവിഡും കാരണമായിരുന്നു. അതേസമയം ബൈഡന്‍റെ ഭരണകാലത്ത്, 2023 ഏപ്രിലിൽ കറുത്ത വർഗക്കാരുടെ ജോലിനഷ്ടം 4.8 ശതമാനവും 2022 സെപ്റ്റംബറിൽ ഹിസ്പാനിക് വംശജരുടെ ജോലിനഷ്ടം 3.9 ശതമാനവുമായി കുറയുകയാണുണ്ടായത്.

ഈ ബഹളങ്ങള്‍ക്കിടയില്‍ കൊല ചെയ്യപ്പെടുന്നത്, നിശബ്ദരാക്കപ്പെടുന്നത് സത്യത്തിന്‍റെ കുഞ്ഞാടുകളാണ്. അപകടം  പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ റോമാക്കാര്‍ പറഞ്ഞതുപോലെ ‘അതാ ഹാനിബള്‍ കവാടത്തില്‍’ എന്ന മുന്നറിയിപ്പ് ആരു നല്‍കും?

ENGLISH SUMMARY:

What is the connection between Donald Trump and Hannibal? by mentioned was he referring to immigrants? Detailed story on Trump's half cooked stories