റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്സ്കിയില്‍ വന്‍ ഭൂചലനം. ഭൂകമ്പ മാപിനിയില്‍ 7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് യുഎസ് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റഷ്യന്‍ പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് കംചത്സ്കിക്ക് 90 കിലോമീറ്റര്‍ കിഴക്കായി ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു.
അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഷിവലൂച് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ താസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടുകിലോമീറ്ററോളം ഉയരത്തില്‍ ചാരപ്പുക ദൃശ്യമായെന്നും വന്‍തോതില്‍ ലാവയൊഴുകിയെന്നും റിപ്പോര്‍ട്ടുണ്ട്.
കംചത്സ്കി പ്രവിശ്യയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ഷിവലൂച് അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. തീരപ്രദേശ നഗരമായ കംചത്സ്കിയില്‍ ഒരുലക്ഷത്തിയെണ്‍പത്തിയൊന്നായിരത്തോളം ജനങ്ങളാണുള്ളത്.
ഭൂകമ്പത്തെ തുടര്‍ന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് അധികൃതരും രക്ഷാപ്രവര്‍ത്തകരും ക്യാംപ് ചെയ്യുകയാണ്. അതേസമയം പ്രാദേശിക ഭരണകൂടം സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് താസ് അറിയിച്ചു. കംചത്സ്കിക്ക് 300 കിലോമീറ്ററിനുള്ളില്‍ സൂനാമി സാധ്യതയുണ്ടെന്നായിരുന്നു യുഎസ് സെന്‍ററിന്‍റെ മുന്നറിയിപ്പ്.