പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആളുകളെ അപമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അങ്ങനെ അപമാനിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. ചൈനയില്‍ നിന്നാണ് അത്തരമൊരു മധുര പ്രതികാരത്തിന്‍റെ വാര്‍ത്ത വരുന്നത്. പ്രമുഖ ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റന്‍റെ സ്റ്റാര്‍ലൈറ്റ് പാലസിലുള്ള ഔട്ട്ലറ്റില്‍ എത്തിയ സാമേയുറെന്‍ എന്ന  ചൈനീസ് യുവതിക്കാണ് ഇക്കഴിഞ്ഞ ജൂണില്‍ കടുത്ത അപമാനം ലൂയി വിറ്റന്‍ ജീവനക്കാരില്‍ നിന്ന് നേരിട്ടത്.  രണ്ട് മാസം കാത്തിരുന്ന് അതിന് യുവതി നല്‍കിയ തിരിച്ചടിക്ക് ലൈക്കടിക്കുകയാണ് സോഷ്യല്‍ ലോകം.

തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പ്രതികാരം വീട്ടിയ ശേഷം സാമേയുറെന്‍ ചൈനീസ് സമൂഹ മാധ്യമായ 'സാഹോങ്ഷൂ' വിലാണ് കുറിച്ചത്. ഏറ്റവും ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ വാങ്ങുന്നതിനാണ് സാമേയുറെന്‍ ലൂയി വിറ്റന്‍റെ സ്റ്റോറിലെത്തിയത്. പല മോഡലുകളും എടുത്ത് കാണിക്കാന്‍ പറയുമ്പോഴും അതേക്കുറിച്ച് ചോദിക്കുമ്പോഴും കടയിലെ ജീവനക്കാര്‍ അത് അവഗണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതിനു പുറമെ പഴയ ഫാഷനിലെ വസ്ത്രങ്ങളാണ് എടുത്തു നല്‍കിയതും. വിവരങ്ങള്‍ ചോദിക്കുമ്പോള്‍ മുഖത്ത് പോലും നോക്കാന്‍ തയ്യാറാകാതെ അക്ഷമയോടെ പെരുമാറിയെന്നും യുവതി പറയുന്നു. 

കടുത്ത അപമാനമേറ്റ യുവതി ലൂയി വിറ്റന്‍റെ ഹെഡ്ഓഫിസിലേക്ക് പരാതി നല്‍കിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് രണ്ട് മാസം യുവതി കാത്തിരുന്നു. മറുപടിയൊന്നും ഉണ്ടാവാതിരുന്നതോടെ  600,000 യുവാന്‍ (68.50 ലക്ഷം രൂപ) ബാഗിലാക്കി സഹായിയുമായി വീണ്ടും ലൂയി വിറ്റന്‍റെ സ്റ്റോറിലെത്തുകയായിരുന്നു. കടയിലെത്തിയ യുവതി പല വസ്ത്രങ്ങളും ധരിച്ച് നോക്കി. വാങ്ങാന്‍ പോവുകയാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ചു.  ഒടുവിലെടുത്ത വസ്ത്രത്തിനായി ബാഗിലുള്ള പണമെടുത്ത് നല്‍കി. രണ്ട് മണിക്കൂറെടുത്ത് ലൂയി വിറ്റന്‍ സ്റ്റാഫ് പണം എണ്ണിക്കഴിഞ്ഞതും 'ഈ വസ്ത്രം ഇപ്പോള്‍ വേണ്ട' എന്ന് പറഞ്ഞ് കടയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. 

'ലൂയി വിറ്റന്‍ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ അവരുടെ സാധനങ്ങള്‍ ഞാനെന്തിന് വാങ്ങണ'മെന്നും യുവതി കുറിച്ചു. നൂറ്റാണ്ടിലെ മികച്ച പ്രതികാരമാണിതെന്നും ഇത്തരത്തിലുള്ളവരെ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും പലരും കുറിച്ചു. അതിവേഗത്തിലാണ് സാമേയുറെന്‍റെ പോസ്റ്റ് വൈറലായത്. അതേസമയം, സംഭവത്തില്‍ ലൂയി വിറ്റന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Woman takes sweet revenge on Louis Vuitton staff for insult. she makes ,staff count Rs 68.5 lakh in cash, then walks out. Netizens call it vengeance of the year