ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് തിളച്ച കാപ്പി ഒഴിച്ച് അഞ്ജാതന്‍. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് സംഭവം. ക്യൂന്സ്ലന്ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്,
കുഞ്ഞിന്റെ ദേഹത്തേക്ക് കാപ്പി ഒഴിച്ചതിന് ശേഷം അക്രമി ഓടി രക്ഷപെടുകയായിരുന്നു. ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അക്രമിയെ തിരിച്ചറിയുന്നവര്‍ വിവരം അറിയിക്കണം എന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
എന്റെ കുഞ്ഞ് ഇത് നേരിടേണ്ടതല്ല, ഒരാളും ഇത് നേരിടേണ്ടതല്ല, കുഞ്ഞിന്റെ അമ്മ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ആക്രമം നടന്ന നിമിഷം തന്റെ മനസിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് അവനെ സംരക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍ എനിക്ക് അതിനായില്ല, കുട്ടിയുടെ അമ്മ പറഞ്ഞു. പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം ഉണ്ടായത് എന്ന് പൊലീസ് പറഞ്ഞു.