ജോലിക്കായി രാജ്യത്തേക്ക് എത്തുന്നവരുടെ വരവ് നിയന്ത്രിക്കാന്‍ കാനഡ. താൽക്കാലിക തൊഴിൽ വീസയിൽ എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കനേഡിയൻ പൗരന്മാർക്ക് ജോലി സാധ്യതകൾ കുറയുകയും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ജോലി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ഈ നിയമം സാരമായി തന്നെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

കൊവിഡിന് ശേഷമാണ് കാനഡയിലേക്കുളള കുടിയേറ്റം ശക്തമായത്. കൊവിഡാനന്തരം തൊഴില്‍ ക്ഷാമം രൂക്ഷമായതോടെ കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരം നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചു.  തൊഴില്‍ ക്ഷാമം കടുത്ത സാഹചര്യത്തില്‍ ബിസിനസ് ഉടമകളെ സഹായിക്കുന്നതിന് വേണ്ടികൂടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ കൈക്കൊണ്ടത്. വിദേശ കുടിയേറ്റം ശക്തമായതോടെ കുറഞ്ഞ വേതന നിരക്കിലുള്ള ജോലികളും വ്യാപകമായി. വളരെ കുറഞ്ഞ വേതനത്തിലാണ് വിദേശ തൊഴിലാളികൾക്ക് ഇത്തരം ഇടങ്ങളിൽ താത്കാലിക അവസരങ്ങൾ ലഭിച്ചിരുന്നത്. 20% വരെയായിരുന്നു വിവിധ തൊഴിൽ മേഖലയിൽ കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇതു 10 ശതമാനമായി കുറയ്ക്കാനാണു പുതിയ തീരുമാനം.

കനേഡിയൻ കമ്പനികൾ കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം സ്വദേശിവൽക്കരണത്തിന് പ്രാധാന്യം നൽകണമെന്നാണ് പ്രധാനമന്ത്രി ട്രൂഡോ ആവശ്യപ്പെടുന്നത്. വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ ലഭിക്കുന്നതിനാല്‍ കനേഡിയൻ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1.4 ദശലക്ഷം ആളുകളാണ് രാജ്യത്തുടനീളം തൊഴിലില്ലാത്തവരായി കണക്കാക്കപ്പെടുന്നത്. താൽക്കാലിക താമസക്കാരുടെ എണ്ണം വർദ്ധിക്കുന്നതും തൊഴിലില്ലായ്മ കൂടുന്നതുമാണ് നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഈ പുതിയ നിയമം വിദേശ കുടിയേറ്റക്കാരെയും ഇന്ത്യക്കാരടക്കമുളള വിദ്യാര്‍ഥികളെയും തൊഴിലാളികളെയും സാരമായി തന്നെ ബാധിക്കാനിടയുണ്ട്. 

ENGLISH SUMMARY:

Visitors no longer allowed to apply for work permits from within Canada