അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ വെന്തുമരിച്ചു. അമിതവേഗത്തില്‍ വന്ന ട്രക്ക് ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള ആര്യന്‍ രഘുനാഥ് ഒരംപട്ടി, ഫറൂഖ് ഷെയ്ഖ്, ലോകേഷ് പലചര്‍ല, തമിഴ്നാട്ടില്‍ നിന്നുള്ള ദര്‍ശിനി വാസുദേവ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വിക്ക് തീപിടിച്ചു. യാത്രക്കാരെ പുറത്തെടുക്കാന്‍ കഴിയുംമുന്‍പ് കാര്‍ ചാമ്പലായി.
ഉച്ചയ്ക്കുശേഷം വൈറ്റ് സ്ട്രീറ്റിനുസമീപമുണ്ടായ അപകടത്തില്‍ ട്രക്കിനും കാറിനും പുറമേ മൂന്നുവാഹനങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നുവെന്ന് കോളിന്‍ കൗണ്ടി പൊലീസ് പറഞ്ഞു. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ചുമടങ്ങുകയായിരുന്നു ആര്യന്‍. സുഹൃത്തായ ഫറൂഖ് ഒപ്പം പോയതാണ്. ലോകേഷ് ബെന്‍റണ്‍വില്ലിലുള്ള ഭാര്യയ്ക്കടുത്തേക്ക് പോവുകയായിരുന്നു. ടെക്സസ് സര്‍വകലാശാല വിദ്യാര്‍ഥിയായ ദര്‍ശിനി അര്‍ക്കന്‍സായിലുള്ള ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു. കാര്‍പൂളിങ് ആപ്പ് വഴിയാണ് നാലുപേരും യാത്രയ്ക്ക് ഒരേ വാഹനം തിരഞ്ഞെടുത്തത്.
ഇന്ത്യയില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയശേഷം യുഎസില്‍ എം.എസ് എടുക്കാന്‍ എത്തിയതാണ് ആര്യന്‍. മേയില്‍ നടന്ന ബിരുദസ്വീകരണച്ചടങ്ങില്‍ മാതാപിതാക്കളും പങ്കെടുത്തിരുന്നു. കോഴ്സ് പൂര്‍ത്തിയായശേഷം രണ്ടുവര്‍ഷം അമേരിക്കയില്‍ ജോലി ചെയ്യാനുദ്ദേശിച്ചാണ് അവിടെ തുടര്‍ന്നത്. അപകടവിവരമറിഞ്ഞ ആര്യന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് തിരിച്ചു.
ഫറൂഖിന്റെ അമേരിക്കയിലുള്ള സഹോദരിയാണ് അപകടവിവരം വീട്ടില്‍ അറിയിച്ചത്. ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഫറൂഖിന്റെ പിതാവ് മസ്താന്‍ വാലി പറഞ്ഞു. എം.എസ്. പൂര്‍ത്തിയാക്കിയശേഷം 2021 ഓഗസ്റ്റ് മുതല്‍ ഫറൂഖ് അമേരിക്കയില്‍ ജോലി ചെയ്തുവരികയായിരുന്നു.