Chilie-mine-disaster-2010

TOPICS COVERED

മണ്ണിനടിയിൽ 2300, അടി താഴ്ചയിൽ  അകപ്പെട്ട 33 പേർ.ആഴ്ചകൾ പിന്നിട്ടിട്ടും ഒരു വിവരവുമില്ലാതായതിനെ തുടർന്ന് മരിച്ചെന്ന് ലോകം വിധിയെഴുതിയ ആ 33 പേർ 69 ദിവസങ്ങൾക്കു ശേഷം തിരികെ ജീവിതത്തിലേക്ക്.ലോകത്തെ ഞെട്ടിച്ച അസാധാരണമായ ആ അതിജീവന കഥയിലേക്ക്.

 

2010, ഓഗസ്റ്,5, സമയം രണ്ട് മണി.ചിലെയിലെ  അറ്റാകോമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സാൻ ജോസ് ഖനിയിൽ അന്നും പതിവ് പോലെ ഒരുപറ്റം തൊഴിലാളികൾ ജോലിക്കെത്തി. കൃത്യമായി പറഞ്ഞാൽ 33പേർ. ഇവരില്‍ 32പേരും ചിലിയില്‍നിന്നുള്ളവര്‍ . ഒപ്പം ഒരു ബൊളീവിയക്കാരനും.

സ്വര്‍ണവും ചെമ്പും ഖനനം ചെയ്യുന്ന 2625 അടി ആഴമുള്ള ഖനി. പതിവ് രീതിയില്‍ തൊഴിലാളികള്‍ ഖനനോപകരണങ്ങളുമായി ഖനിക്കുള്ളിലേക്ക് . ജോലി തുടങ്ങി അല്‍പസമയത്തിനകം പതിവല്ലാത്ത ചില ശബ്ദങ്ങള്‍ ഖനിക്കുള്ളില്‍ കേട്ടു തുടങ്ങി.  എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ മണിടിഞ്ഞു. ഞൊടിയിടകൊണ്ട് ഖനിയുടെ പ്രവേശനകവാടം പൂര്‍ണമായും അടഞ്ഞു.

പുറം ലോകവുമായുള്ള തൊഴിലാളികളുടെ ബന്ധം പൂര്‍ണായും വിച്ഛേദിക്കപ്പെട്ടു. ഭൂനിരപ്പിൽ നിന്നും 2300അടി താഴ്ചയിലായിരുന്നു തൊഴിലാളികൾ അപ്പോൾ.

തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പക്ഷേ ഖനിയുടെ പ്രവേശന കവാടം പൂര്‍ണമായും അടഞ്ഞുപോയത് രക്ഷപ്രവര്‍ത്തനം ദുഷ്കരമാക്കി. ഖനിയുടെ ഭിത്തികള്‍ക്ക് ഇളക്കം തട്ടാതെ മണ്ണുനീക്കി ഉള്ളിലേക്കിറങ്ങാനായിരുന്നു ശ്രമം. രണ്ടുദിവസം നീണ്ട പരിശ്രമം പക്ഷേ ഒറ്റനിമിഷം കൊണ്ട് പാഴായി. അതായത് ഓഗസ്റ്റ് 7ന് ഖനിയില്‍ വീണ്ടും മണ്ണടിഞ്ഞു. മണ്ണുനീക്കം ചെയ്ത ഭാഗങ്ങള്‍ അതോടെ പൂര്‍ണമായും അടഞ്ഞു.

ആദ്യത്തെ ഉല്‍സാഹം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടായില്ല . അപകടത്തിൽ പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾ ഖനിക്ക് പുറത്ത് രക്ഷാപ്രവർത്തനം നിരീക്ഷിച്ച് നിലയുറപ്പിച്ചിരുന്നു.. എ ദിവസങ്ങൾ കടന്നു പോകും തോറും കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു തുടങ്ങി.. മണ്ണിനടിയിൽ കുടുങ്ങിയ 33 പേരും മരിച്ചുവെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു.. മൃതദേഹങ്ങളെങ്കിലും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിലായി പിന്നീടുള്ള പരിശ്രമം.

തൊഴിലാളികൾ കുടുങ്ങാൻ സാധ്യതയുള്ള സ്ഥലത്ത് ഒരു റിഗ് ഉപയോഗിച്ച് ചെറിയൊരു കിണര്‍ കുഴിക്കാൻ തീരുമാനിച്ചു. മണ്ണിടിഞ്ഞ് 17ാം ദിവസമാണ് ഈ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് .റിഗ് താഴേക്ക് തുരന്നും ഇടയ്ക്കിടെ മുകളിലേക്ക് ഉയർത്തിയുമായിരുന്നു നിര്‍മാണം.

അങ്ങനെ ഒരുവട്ടം മുകളിലേക്ക് ഉയർത്തിയപ്പോൾ റിഗിൽ ഒട്ടിച്ചനിലയിൽ ഒരു ചെറിയ പേപ്പർ  രക്ഷാപ്രവർത്തരുടെ ശ്രദ്ധയിൽപ്പെട്ടു . പ്രത്യാശയോടെ അവരാ കടലാസ് കഷ്ണം പരിശോധിച്ചു.അതിൽ ഇങ്ങനെ എഴുതിയിരുന്നു.‘ഞങ്ങൾ 33 പേരും സുരക്ഷിതരാണ്’. മരിച്ചെന്നുറപ്പിച്ച ആ 33 പേരും ജീവനോടെയുണ്ടെന്ന വാര്‍ത്ത   ഞെട്ടലോടെയും ഒപ്പം ആശ്വാസത്തോടെയുമാണ് ലോകം കേട്ടത്.

Note-written-miners-are-safe

അതോടെ രക്ഷാപ്രവര്‍ത്തകരുടെ ആവേശം ഇരട്ടിച്ചു. മണ്ണ് തുരന്ന ഭാഗത്ത്കൂടി ക്യാമറ ഇറക്കി  തൊഴിലാളികള്‍ സുരക്ഷിതരെന്ന് ഉറപ്പിച്ചു.

തൊഴിലാളികള്‍ എങ്ങിനെ ജീവന്‍ നിലനിര്‍ത്തി എന്നതാണ് ഏവരെയും അമ്പരിപ്പിച്ചത്. ഖനിക്കുള്ളില്‍ കുടുങ്ങിയദിവസം കയ്യില്‍ കരുതിയിരുന്ന ഭക്ശണസാധനങ്ങള്‍ അവര്‍ കൃത്യമായി വീതംവച്ചു. രണ്ടുദിവസത്തിലൊരിക്കല്‍ മാത്രം അല്‍പം ഭക്ഷണം കഴിച്ചു.അതും  ജീവന്‍ നിലനിര്‍ത്താന്‍ മാത്രം. ഖനിക്കകത്തുള്ള ചെറിയ നീരുറവകളില്‍ നിന്ന് വെള്ളമെടുത്ത് ദാഹമകറ്റി. വെളിച്ചത്തിനായി ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന ടോര്‍ച്ച് ഓരോ ദിവസവും ഓരോരുത്തരുടേത് എന്ന നിലയില്‍ മാത്രം കത്തിച്ചു.

Miners-undergroud-photograph

ഏതു വിധേനയും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക എന്നതായിരുന്നു പിന്നീടുള്ള ദൗത്യം. എന്നാല്‍ അതത്ര എളുപ്പമല്ല എന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉറപ്പായിരുന്നു. തൊഴിലാളികളുടെ ജീവന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു ആദ്യലക്ഷ്യം. 

ആദ്യം ചെയ്തത് ഖനിക്കുള്ളിലേക്ക് ചെറിയൊരു തുരങ്കമുണ്ടാക്കുക എന്നതായിരുന്നു. തുടര്‍ന്ന് അതിലൂടെ  ന്യൂട്രിയന്‍റ് ജെല്ലുകളും, വെളളവും പുറം ലോകവുമായി ആശയ വിനിമയം നടത്താനായുള്ള വാര്‍ത്താവിതരണ ഉപകരണങ്ങളും അവര്‍ക്ക് എത്തിച്ചു നല്‍കി. 

തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. എല്ലാവരെയും പുറത്തെടുക്കുമെന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ‍ര്‍വരെ രംഗത്തെത്തി.

ഒരു ഭാഗത്ത് തൊഴിലാളികളുടെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ഡ്രില്ലിങ്ങിനായുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ മൂന്നു സുരക്ഷാപദ്ധതികള്‍ ആവിഷ്കരിച്ചു. ഒന്നുപരാജയപ്പെട്ടാല്‍ മറ്റൊന്ന് എന്ന രീതിയിലായിരുന്നു പദ്ധതികള്‍.  മൂന്ന് ഡ്രില്ലിംങ് റിഗുകള്‍ സ്ഥത്തെത്തിച്ചു. അവയില്‍ രണ്ടെണ്ണം റൈസ്–ബോറിംങ് മെഷീനുകളും മറ്റൊന്ന് ഓയിൽ,ഗ്യാസ് റിഗുകളില്‍ ഉപയോഗിക്കുന്നതുമായിരുന്നു.

chile-mine-disaster

പ്ലാന്‍ എയുടെ ഭാഗമായി മണ്ണുതുരക്കുന്നത്  ഓഗസ്റ്റ് 30 ന് ആരംഭിച്ചു. റൈസ് ബോറിങ് മെഷീന്‍ ഉപയോഗിച്ചുള്ള തുരങ്ക നിര്‍മാണം സെപ്റ്റംബര്‍ 5നും തുടങ്ങി.ഓയില്‍ ഡ്രില്ലര്‍ ഉപയോഗിച്ചുള്ള തുരക്കല്‍ തുടങ്ങിയത്  19ന്. ഇതേസമയം  ഖനിക്കുള്ളില്‍  തൊഴിലാളികള്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞു  തുരങ്കനിര്‍മാണത്തിന്‍റെ ഭാഗമായി വീഴുന്ന മണ്ണ് നീക്കുന്ന ജോലികളും തുടങ്ങി . ഒരോ സംഘവും 8മണിക്കൂര്‍ വീതം ജോലി ചെയ്തു. ദിവസങ്ങള്‍ വീണ്ടും കടന്നുപോയി. ഡിസംബറില്‍ മാത്രമേ തൊഴിലാളികളെ പുറത്തെത്തിക്കാനാവൂ എന്നതായരുന്നു രക്ഷാ പ്രവര്‍ത്തകരുടെ ആദ്യകണക്കുകൂട്ടല്‍. എന്നാല്‍ അതിനു മുന്‍പ് ഒക്ടോബര്‍ 9 ന് പ്ലാന്‍ ബി  പ്രകാരമുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയായി

എന്നാല്‍ 2300 അടി താഴ്ചയില്‍ നിന്നും തൊഴിലാളികളെ തുരങ്കത്തിലൂടെ  മുകളിലേക്കെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവില്‍ തുരങ്കത്തിലൂടെ ലിഫ്റ്റ് ഇറക്കി തൊഴിലാളെ പുറത്തേക്കെത്തിക്കാമെന്നായി രക്ഷാപ്രവര്‍ത്തകര്‍. സങ്കീര്‍ണമായ രക്ഷാദൗത്യം പാളിപ്പോകരുതെന്ന് ഉറപ്പിച്ച രക്ഷാപ്രവര്‍ത്തകര്‍ ഒരു ക്യാപ്സ്യൂള്‍ നിര്‍മിച്ച് തുരങ്കത്തിലൂടെ ഇറക്കാന്‍ തീരുമാനിച്ചു .അങ്ങിനെ ഫീനിക്സ് എന്ന് പേരിട്ട ക്യാപ്സ്യൂള്‍  ഒക്ടോബര്‍ 12ന് ഖനിക്കുള്ളിലേക്ക് ഇറക്കി . അര്‍ദ്ധരാത്രിയോടെ ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ചു. ലോകമൊന്നടങ്കം നിറകണ്ണുകളോടെ ആ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. പിറ്റേ ദിവസം വൈകുന്നേരത്തോടെ ഖനിക്കകത്ത് അകപ്പെട്ട അവസാനത്തെ തൊഴിലാളിയും സുരക്ഷിതനായി പുറത്തെത്തി. തൊഴിലാളികള്‍ കൂടുങ്ങി നീണ്ട 69 ദിവസങ്ങള്‍ക്ക് ശേഷം.

Chile-mine-disaster-rescue

പ്രത്യാശയുടെയും അതിജീവനത്തിന്‍റെയും  പര്യായമായി ആ 33 പേരും ലോകത്തെ നോക്കി പുഞ്ചിരിച്ചു. തങ്ങളുടെ,ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം പ്രയത്നിച്ചവര്‍ക്കായി അവര്‍ നിറകണ്ണുകളോടെ നന്ദി പറ‍ഞ്ഞു. അവര്‍ ഒന്നടങ്കം ചിലെയന്‍ ദേശീയ ഗാനം ഉച്ചത്തില്‍ ആലപിച്ചു.

2015 ല്‍ പട്രീഷ്യ റിഗ്ഗ‍ന്‍ ഈ സംഭവത്തെ അടിസ്ഥാനമാക്കി ‘ദ  33’ എന്ന ചിതം പുറത്തിറക്കി. മരിച്ചെന്ന് ലോകം വിധിയെഴതിയ ആ 33 പേര്‍ക്കായി ചിലെയന്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തം സമാനതകളില്ലാത്തതാണ്. 

മരണത്തെ മുഖാമുഖം കണ്ട നേരങ്ങളില്‍അതിജീവനത്തായുള്ള ആ തൊഴിലാളികളടെ പോരാട്ടവും പ്രശംസയര്‍ഹിക്കുന്നു.ലോകത്തെ ഞെട്ടിച്ച അതിജീവനകഥകളില്‍ സാൻ ജോസ് ഖനി ദുരന്തം ഇന്നും ലോകത്തിനു മുന്നില്‍ ഒന്നാമതായി നില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.

ENGLISH SUMMARY:

Chilean miners rescued after 69 days underground