പ്രതീകാത്മക ചിത്രം

ഇന്ധനവുമായെത്തിയ ടാങ്കര്‍ ലോറി ട്രക്കുമായി കൂടിയിടിച്ച് നൈജീരിയയില്‍ 48 പേര്‍ മരിച്ചു. നൈജീരിയിലെ അഗായിലാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയില്‍ 50ഓളം മൃഗങ്ങളും കൊല്ലപ്പെട്ടു. അമിത വേഗതയിലെത്തിയ ടാങ്കര്‍ ട്രക്കുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

30 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്ത് നിന്നും രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടെടുത്തത്. പിന്നീട് 18 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്യുകയായിരുന്നുവെന്നും നൈജീരിയന്‍ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. 

ദുരന്തം നടുക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍  പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ മുഹമ്മദ് ബാഗോ അറിയിച്ചു. കാല്‍നടയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള സത്വര നടപടികള്‍ക്ക് ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ട്രക്ക് അപകടം നൈജീരിയയില്‍ പതിവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചരക്കുകള്‍ കൊണ്ടു പോകാന്‍ കാര്യക്ഷമായ റെയില്‍വേ സംവിധാനമില്ലാത്തതാണ് പലപ്പോഴും ആളുകളുടെ ജീവന്‍ അപഹരിക്കുന്ന അപകടങ്ങളുണ്ടാക്കുന്നത്. 2020 ല്‍ മാത്രം 1531 ടാങ്കര്‍ അപകടങ്ങളാണ് നൈജീരിയയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ 535 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ENGLISH SUMMARY:

48 killed in Nigeria after fuel tanker collides with truck. The tanker, which was also transporting cattle, exploded on impact, killing at least 50 animals as well