ഓസ്ട്രേലിയയിൽ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് പാല മുന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ്. നോർത്തേൻ ടെറിറ്ററി അഡിമിനിസിട്രേറ്ററായ ഹഗ് ഹെഗ്ഗിക്ക് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണ്‍ ചാള്‍സ് ഇടം നേടിയത്. കായികം, കല സാംസ്കാരികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരിന്ത്യാക്കാരന്‍ ഇടം നേടുന്നു എന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്‍റെ നേട്ടത്തിനുണ്ട്.
ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ജിന്‍സണ്‍ ലിബറല്‍ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്. നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.