മരിച്ചിട്ടും തീരാത്ത അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയും ജെയിംസ് ഹ്യൂയറ്റുമായുള്ള ബന്ധത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാരി രാജകുമാരന്‍റെ പിതൃത്വം സംബന്ധിച്ച ഗോസിപ്പ് കോളങ്ങളിലായിരുന്നു ഹ്യൂയറ്റിന്‍റെ പേര് പതിവായി ഉയര്‍ന്നുവന്നിരുന്നത്. ഹാരിയുടെ മുടി ബ്രിട്ടീഷ് രാജകുടുംബത്തിലേതല്ലെന്നും ഹ്യൂയറ്റിന്‍റേതുമായി സാമ്യമുണ്ടെന്നുമായിരുന്നു അപവാദപ്രചാരകരുടെ പ്രധാന ആരോപണം. എന്നാല്‍ ഇക്കാര്യം പാടെ നിഷേധിക്കുകയാണ് ഡയാനയുടെ പരിചാരക സംഘത്തിലുണ്ടായിരുന്ന റിച്ചര്‍ഡ് ഡാല്‍ട്ടന്‍. ഡയാനയുടെ ഹെയര്‍ഡ്രസറായിരുന്നു ഡാല്‍ട്ടന്‍.
ഹ്യൂയറ്റുമായി ഡയാനയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും അത് ഹാരി ജനിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരംഭിച്ചതെന്നുമാണ് ഡാല്‍ട്ടന്‍ പറയുന്നത്. കാറോടിക്കാന്‍ പഠിപ്പിക്കാന്‍ വന്ന ഹ്യൂയറ്റിന്‍റെ പേരുമായി ചേര്‍ത്ത് തന്‍റെ പേര് പ്രചരിക്കുന്നതിലും ഹാരിയുടെ അച്ഛനെന്ന് ഹ്യൂയറ്റിനെ ആളുകള്‍ വിശേഷിപ്പിക്കുന്നതിലും ഡയാന ആകെ അസ്വസ്ഥയായിരുന്നുവെന്നും ഡാല്‍ട്ടന്‍ ഓര്‍മക്കുറിപ്പില്‍ പറയുന്നു. 1986ലാണ് ഡയാനയും ഹ്യൂയറ്റും ആദ്യമായി കാണുന്നത്. ഹാരി ജനിച്ചത് 1984ലാണെന്നും ഡാല്‍ട്ടന്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 1989 മുതല്‍ 1991വരെ ആ പ്രണയം നീണ്ടുനില്‍ക്കുകയും ചെയ്തുവെന്നും പുസ്തകത്തില്‍ പറയുന്നു.
ഹാരിയുടെ തലമുടി കണ്ട് പിതൃത്വം ചോദ്യം ചെയ്യുന്നവര്‍ക്കും ഡാല്‍ട്ടന്‍റെ പക്കല്‍ മറുപടിയുണ്ട്. ഡയാനയുടെ കുടുംബത്തില്‍ ചുവപ്പ് മുടിയുള്ളവരുണ്ടെന്നും ഡയാനയുടെ സഹോദരന്‍ കോളജില്‍ പഠിക്കുമ്പോള്‍ കട്ടച്ചുവപ്പ് മുടിയുണ്ടായിരുന്നുവെന്നും അക്കാലത്ത് താനാണ് മുടി വെട്ടിയിരുന്നതെന്നും ഡാള്‍ട്ടന്‍ പറയുന്നു. ഡയാനയുടെ സഹോദരിമാരായ സാറയ്ക്കും ജെയ്നും ചുവപ്പന്‍ മുടി തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ പിതൃത്വം സംബന്ധിച്ച് ഉയരുന്ന അപവാദങ്ങളില്‍ ഹാരി മാധ്യമങ്ങളോട് നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. 'എന്‍റെ ജനനശേഷം അമ്മയുടെ ജീവിതത്തിലുണ്ടായ ജെയിംസ് ഹ്യൂയറ്റെന്നയാളാണ് എന്‍റെ പിതാവെന്ന തരത്തിലുള്ള കിംവദന്തികള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു കണ്ടു. ജനിക്കുന്നതിന് മുന്‍പും അതിന്ശേഷവും മേജര്‍ ഹ്യൂയറ്റിനെ അമ്മ കണ്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് എനിക്ക് കൃത്യമായ ധാരണയില്ല' എന്നാമായിരുന്നു ഹാരിയുടെ മറുപടി. അപവാദ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം നിയമനടപടിയും സ്വീകരിച്ചു.
2002 ല്‍ ഹ്യൂയറ്റ് തന്നെ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. 'ഹാരിയുടെ പിതാവ് ഞാന്‍ ആകാന്‍ ഒരു സാധ്യതയുമില്ല. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവരുടെ താല്‍പര്യം എന്താണെന്നും എനിക്കറിയില്ല. ഡയാനയുമായി എനിക്ക് ബന്ധമുണ്ടായിരുന്ന കാലത്ത് ഹാരി സ്വയം നടക്കാന്‍ തുടങ്ങിയിരുന്നു' എന്നാണ് ഹ്യൂയറ്റ് വിശദീകരിച്ചത്.