ഇറാൻ പിന്തുണയുള്ള യെമൻ ഹൂതികൾക്കെതിരെ വ്യോമാക്രണം നടത്തി ഇസ്രയേൽ. റാസ് ഇസയെയും ഹൊദൈദയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. യെമനിലെ റാസ് ഇസ, ഹൊദൈദ പ്രദേശങ്ങളിലെ ഹുതി കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം എഎഫ്‌പിയോട് വ്യക്തമാക്കി.
Also Read: ഹസൻ നസ്റല്ലയെ വധിക്കാൻ ഇസ്രയേലിന് വിവരം നൽകിയത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്
ഹൊദൈദ, റാസ് ഇസ തുറമുഖങ്ങളും രണ്ട് പവർ സ്റ്റേഷനുകളും ഇസ്രയേൽ ലക്ഷ്യമിട്ടു. ഇതിന് പിന്നാലെ ഹൊദൈദ സിറ്റിയിൽ വൈദ്യുത ബന്ധം തകരാറിലായതായാണ് റിപ്പോർട്ട്. ഇസ്രായേലിലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രസംഗം നടത്തി തിരിച്ചെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണമുണ്ടായത്. ഹൂതി മിസൈലിനെ ഇസ്രയേൽ തടഞ്ഞെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ- ഹമാസ് സംഘർഷം ആരംഭിച്ചതിന് പിന്നാലെ ചെങ്കടലിലൂടെയുള്ള ഇസ്രയേൽ കപ്പലുകൾക്കെതിരെ ഹൂതികൾ കഴിഞ്ഞ നവംബർ മുതൽ ആക്രമണം നടത്തുന്നുണ്ട്. പലസ്തീനുള്ള ഐക്യദാർഢ്യമാണിതെന്നാണ് ഹൂതികളുടെ വാദം.
Also Read: ലബനന്‍ ആക്രമണം: സംഘര്‍ഷം രൂക്ഷമായ ഇടങ്ങളില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നു
ഹമാസ്- ഇസ്രയേൽ സംഘർഷം ഒരു വർഷമാകാൻ പോകുന്നതിനിടെയാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്കെതിരെയും ഹൂതികൾക്കെതിരെയും ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതോടെ സംഘർഷം രൂക്ഷമായിട്ടുണ്ട്. ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കിയത്.
ഹൊദൈദ തുറമുഖത്തിന് നേരെ ജൂലൈയിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അന്ന് 20 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഹൂതികൾ ടെൽ അവീവിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ ആക്രമണം.