വായും തുറന്നിരിക്കുന്ന മുതലയുടെ മുന്നില്‍ അഭ്യാസവുമായിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. മുതലയെ തൊട്ടും തലോടിയും മതിയാകാതെ വായിലും കൂടി കയ്യിട്ടതോടെ അത് തിരിച്ചുകടിച്ചു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. മില്യണ്‍ ഇയേഴ്സ് സ്റ്റോണ്‍ പാര്‍ക്ക് ആന്‍റ് പട്ടായ ക്രോക്കോഡില്‍ ഫാമിലാണ് യുവാവിനെ മുതല കടിച്ചത്.

മുതലയോടൊത്ത് കാണികള്‍ക്കു മുന്നില്‍ അഭ്യാസപ്രകടനം കാഴ്ചവയ്ക്കവേയാണ് യുവാവിനെ മുതല കടിച്ചത്. യുവാവിന്‍റെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഈ കാഴ്ച കണ്ടുകൊണ്ടുനിന്ന് കാണികളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. മുതലയ്ക്ക് ഉമ്മ കൊടുത്തും, വായില്‍ തലവച്ച് കിടന്നും കാണികളെ കയ്യിലെടുത്ത യുവാവിനെ അപ്രതീക്ഷിതമായാണ് മുതല തിരിച്ചു കടിച്ചത്. 

‘അയാള്‍ക്ക് കൈ തിരിച്ചുകിട്ടിയതു തന്നെ ഭാഗ്യം’ എന്നാണ് പലരും വി‍ഡിയോയ്ക്ക് കമന്‍റ് ഇട്ടിരിക്കുന്നത്. മൃഗങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ കളിക്കാനിറങ്ങരുത് അത് ഏത് സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് ആര്‍ക്കും പറയാനാവില്ല എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. അത് ശരിയാണെന്ന് പലരും മറുപടിയും നല്‍കി.

ഇന്തോനേഷ്യയില്‍ ഇത്തരം സംഭവങ്ങള്‍ പതിവ് കാഴ്ചയാകുന്നു എന്നു പറയുന്നവരുമുണ്ട്. കുറച്ചുദിവസം മുന്‍പ് പുഴയില്‍ കുളിക്കുകയായിരുന്ന സ്ത്രീയെ മുതല ആക്രമിച്ചു കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആളുകള്‍ മുതലയെ തല്ലിക്കൊന്നു. സ്ത്രീയുടെ മൃതദേഹത്തിന്‍റെ ചില ഭാഗങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്. ഈ സംഭവം ചൂണ്ടിക്കാട്ടിയും ആളുകള്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

Man was attacked by a Crocodile infront of audience. He attempted a daring stunt by placing his hand inside a crocodile's open mouth, but the stunt went wrong. In a sudden and expected twist, the crocodile snapped its jaws, biting the handler and leaving him wounded.