രണ്ടാം ലോകമാഹയുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ വിമാനത്താവളം അടച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ടാക്സിവേയില്‍ 7 മീറ്റർ വീതിയും 1 മീറ്റർ ആഴവുമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഏകദേശം 87 വിമാനങ്ങളാണ് ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ച ബോംബാണ് സ്ഫോടനത്തിനിടയാക്കിയതെന്ന് പൊലീസും ജപ്പാന്‍റെ പ്രതിരോധ സേനയും കണ്ടെത്തി. എന്നാല്‍ സ്ഫോടനകാരണം വ്യക്തമല്ല. യുദ്ധകാലത്ത് മിയാസാക്കിയില്‍ വന്ന് പതിച്ച ബോംബ് പൊട്ടാതെ മണ്ണുമൂടിയ നിലയിലായിരുന്നു കിടന്നിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഫോടനമുണ്ടായിതെങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഫോടനത്തില്‍ ടാക്സിവേയിലുണ്ടായ ഗര്‍ത്തം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു.അതേസമയം, പൊട്ടാത്ത ബോംബുകൾ ജപ്പാനിൽ നിരന്തരമായ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ച നൂറിലധികം ബോംബുകള്‍ ജപ്പാനില്‍ പലയിടത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത ബോംബുകളെത്രയെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.