TOPICS COVERED

ജോലിയില്‍ നിന്ന് ലീവ് എടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ യുവതിക്ക് 3.2 ലക്ഷം രൂപ പിഴ. 9 ദിവസത്തെ ലീവിനായാണ് യുവതി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അമ്മയുടെ ആരോഗ്യനില മോശമാണെന്ന് കാണിക്കാനും യുവതി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു. തുടരെ ലീവ് എടുക്കുന്നതില്‍ കമ്പനിക്ക് തന്നോട് അതൃപ്തിയുണ്ടാവുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു യുവതിയുടെ ഈ ശ്രമങ്ങള്‍. 

തന്റെ പഴയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റം വരുത്തുകയായിരുന്നു യുവതി. ഇടിസി സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരയായ യുവതിയാണ്  മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ലീവ് എടുക്കുന്നതിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

പഴയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ഡേറ്റും ക്യൂആര്‍ കോഡും യുവതി ഫോട്ടോഷോപ്പിലൂടെ മാറ്റി. ഏപ്രില്‍ നാലിന് യുവതി ജോലിയില്‍ നിന്ന് രാജിവെച്ചു. രാജിവയ്ക്കുന്നതിന് മുന്‍പാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്തിന് നല്‍കിയത്. വ്യക്തതയില്ലാത്ത ക്യൂആര്‍ കോഡ് കണ്ടതോടെയാണ് കമ്പനി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മമായി പരിശോധിച്ചത്. 

ക്യൂആര്‍ കോഡ് പരിശോധിച്ചപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. ഒറിജിനല്‍ ക്യൂആര്‍ കോഡ് സമര്‍പ്പിക്കാന്‍ കമ്പനിയിലെ എച്ച്ആര്‍ യുവതിയോട് നിര്‍ദേശിച്ചു. സോഫ്റ്റ് വെയര്‍ ഡെവലപ്പറായ യുവതി പുതിയ വെബ്സൈറ്റ് ഉണ്ടാക്കി പുതിയ ക്യൂആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഏപ്രില്‍ എട്ടിനാണ് രണ്ടാമത്തെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് യുവതി നല്‍കുന്നത്. പിന്നാലെ എച്ച്ആര്‍ പൊലീസില്‍ പരാതി നല്‍കി. അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റും യുവതി വ്യാജമായി തയ്യാറാക്കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Woman given fake medical certificate to take leave from work fined Rs 3.2 lakh The woman gave a fake medical certificate for 9 days leave. The woman also forged a medical certificate to show that her mother's health was poor