ഫ്ലോറിഡയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ റോഡിലെ തടസങ്ങള്‍ നീക്കുന്ന സൈനികര്‍

  • മില്‍ട്ടണ്‍ ചുഴലിക്കാറ്റ് നാളെ കര തൊടും; കനത്ത ആശങ്കയില്‍ ഫ്ലോറിഡ
  • ഒഴിഞ്ഞുപോയില്ലെങ്കില്‍ മരണം ഉറപ്പെന്ന് ജനങ്ങളോട് ഫ്ലോറിഡ ഗവര്‍ണര്‍
  • അതിശക്തമായ മഴയ്ക്കും സാധ്യത; 2 കോടി ആളുകള്‍ വെള്ളപ്പൊക്കഭീതിയില്‍

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തേക്ക്. നാളെ ജനനിബിഢമായ തംപ ബേയില്‍ ചുഴലിക്കാറ്റ് തീരം തൊടും.

മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ സ‍ഞ്ചാരപഥം – ഉപഗ്രഹചിത്രം

കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇപ്പോള്‍ മെക്സിക്കയിലെ യുകാട്ടന്‍ ഉപദ്വീപിന് സമീപത്തുകൂടി നീങ്ങുകയാണ് മില്‍ട്ടണ്‍. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനമാണ് ഫ്ലോറിഡയില്‍ നടക്കുന്നത്. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം തംപ ബേ മേഖലയില്‍ നിന്നും ചുഴലിക്കാറ്റിന്‍റെ പാതയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് അഭ്യര്‍ഥിച്ചു.

ചുഴലിക്കാറ്റുകളുടെ ശക്തിയനുസരിച്ച് മാരക പ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മില്‍ട്ടണെ ഉള്‍പ്പെടുത്തിയിരുന്നത്. നേരിയ തോതില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഇപ്പോള്‍ നാലിലായി. എന്നാല്‍ രാത്രിയോടെ ശക്തി വര്‍ധിച്ച് വീണ്ടും കാറ്റഗറി അഞ്ചിലെത്താനുള്ള സാധ്യത ഏറെയാണ്. ടെലിവിഷനില്‍ ചുഴലിക്കാറ്റിന്‍റെ ശക്തിയെക്കുറിച്ച് പറയുന്നതിനിടെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷകന്‍ ജോണ്‍ മൊറാലസ് ശ്വാസമടക്കി വിതുമ്പിയത് ഫ്ലോറിഡയുടെ ഭയപ്പാടിന്‍റെ നേര്‍ക്കാഴ്ചയായി.

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കാന്‍ മരപ്പലകകള്‍ സ്ഥാപിക്കുന്നു

അതീവഅപകടാവസ്ഥ കണക്കിലെടുത്ത് ഗവര്‍ണര്‍ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള കേടുപാടുകള്‍ കുറയ്ക്കാന്‍ കഴിയുന്നത്ര മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ചില്ലുവാതിലുകള്‍ക്കും ജനാലകള്‍ക്കും പുറത്ത് മരപ്പലകകള്‍ സ്ഥാപിച്ചും ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്തുമെല്ലാം ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ വിപുലമായ തയാറെടുപ്പുകളാണ് ഫ്ലോറിഡയില്‍ ചുഴലിക്കാറ്റ് കടന്നുപോകാനിടയുള്ള പ്രദേശങ്ങളിലെല്ലാം നടക്കുന്നത്. ഒഴിഞ്ഞുപോകുന്നവരെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയങ്ങളിലടക്കം താല്‍ക്കാലിക ഷെല്‍റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ തംപ ബേ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ മാറ്റുന്നു

തംപ ബേയിലെ മൃഗശാലയടക്കം ഒഴിപ്പിക്കുകയാണ്. മൃഗങ്ങളെ കൂടുകളിലാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലി തുടരുകയാണ്. കടല്‍ത്തീരങ്ങളില്‍ നിന്ന് പരമാവധി വേഗത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. അമേരിക്കയിലെയും തൊട്ടടുത്ത മെക്സിക്കോയിലെയും ദുരന്തസാധ്യതാമേഖലകളില്‍ സൈന്യത്തിന്‍റെ സഹായത്തോടെയാണ് മുന്നൊരുക്കം നടക്കുന്നത്. ഫ്ലോറി‍ഡയിലെയും സമീപപ്രദേശങ്ങളിലെയും ഹൈവേകളില്‍ ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍ നിറഞ്ഞ് കനത്ത ഗതാഗതക്കുരുക്കായി. മിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഇന്ധനം തീരുന്ന അവസ്ഥയുമുണ്ട്.

മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിലുള്ള മെക്സിക്കോ യുകാട്ടനിലെ പ്രോഗ്രെസോ ബീച്ചില്‍ ഗ്രീക്ക് ദേവത പൊസെയ്ഡോണിന്‍റെ പ്രതിമ

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഫ്ലോറിഡയില്‍ കനത്ത മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും. രണ്ട് കോടിയോളം ആളുകളാണ് ഫ്ലോറിഡയില്‍ മാത്രം പ്രളയഭീതിയില്‍ കഴിയുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് തീരം തൊട്ടുകഴിഞ്ഞാല്‍ ശക്തി കുറയാന്‍ തുടങ്ങുമെങ്കിലും മില്‍ട്ടന്‍റെ പ്രഹരം ചരിത്രത്തിലെ തന്നെ ഏറ്റവും കനത്തതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഫ്ലോറിഡയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലുള്ള ട്രോപ്പിക്കാന സ്റ്റേഡിയത്തില്‍ ചുഴലിക്കാറ്റ് ബാധിതര്‍ക്കായി ഒരുക്കുന്ന ക്രമീകരണങ്ങള്‍

2005ലെ കത്രീന ചുഴലിക്കാറ്റിനുശേഷം ഫ്ലോറിഡ നേരിട്ട ഏറ്റവും ശക്തിയേറിയ പ്രകൃതിക്ഷോഭമായിരുന്നു രണ്ടാഴ്ച മുന്‍പുണ്ടായ ഹെലന്‍ ചുഴലിക്കാറ്റ്. 225 പേര്‍ മരിച്ചു. നൂറുകണക്കിനാളുകളെ കാണാതായി. ഒട്ടേറെപ്പേര്‍ ഭവനരഹിതരായി. ഹെലന്‍ ചുഴലിക്കാറ്റില്‍ വീടുനഷ്ടമായവരും ഒഴിപ്പിക്കപ്പെട്ടവരുമെല്ലാം മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്‍റെ പാതയിലുമുണ്ട് എന്നതാണ് മറ്റൊരു ദൗര്‍ഭാഗ്യം. 24 മണിക്കൂറിനിടെ ഒരു ചുഴലിക്കാറ്റ് കൈവരിക്കുന്ന വേഗത്തിന്‍റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് മില്‍ട്ടണ്‍ എന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:

Hurricane Milton is approaching the Florida coast, moving at a speed of 250 kilometers per hour. It is expected to make landfall tomorrow near Tampa Bay, with the U.S. Weather Service warning of significant destruction. Currently, Milton is moving near the Yucatán Peninsula in Mexico. Florida Governor Ron DeSantis has urged residents to evacuate as quickly as possible from the storm's path, calling it one of the most extensive evacuation efforts in decades.