ജപ്പാന്‍റെ ഹൃദയത്തിലെ നോവാണിന്നും നാഗസാക്കിയും ഹിരോഷിമയും. രണ്ടാംലോകയുദ്ധകാലത്ത് അണുബോംബ് പ്രയോഗിക്കപ്പെട്ട ഹിരോഷിമയിലെയും നാഗസാക്കിയിലെയും അതിജീവിതരുടെ അനുഭവസാക്ഷ്യങ്ങള്‍ ആ ദുരന്തത്തിന്‍റെ ഭീകരത ലോകത്തോട് വിവരിച്ചു. ഇനിയൊരിക്കലും ലോകത്തെങ്ങും അണ്വായുധം പ്രയോഗിക്കരുതെന്നും അതേല്‍പ്പിക്കുന്ന മുറിവുകള്‍ തലമുറകളെത്ര കഴിഞ്ഞാലും ഭേദമാകില്ലെന്ന അനുഭവസ്ഥരുടെ വാക്കുകള്‍ ലോകം അറിഞ്ഞത് ഹിഡാന്‍ക്യോയിലൂടെയാണ്.
അണുബോംബിനെ അതിജീവിച്ചവരില്‍ മിക്കവരും നമുക്കിടയില്‍ ഇല്ലെങ്കിലും അവരുടെ ഓര്‍മകളും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കിയ പുതിയ തലമുറ അണ്വായുധങ്ങളുടെ ഭീകരത ലോകത്തോട് അറിയിക്കുന്നതില്‍ പുലര്‍ത്തിയ ജാഗ്രത പ്രശംസനീയമാണെന്ന് നൊബേല്‍ പ്രഖ്യാപിക്കവേ സമിതി വിലയിരുത്തി. അണുവായുധങ്ങള്‍ പ്രയോഗിക്കുന്നൊരു യുദ്ധത്തില്‍ വിജയികളുണ്ടാവില്ലെന്നും ആ യുദ്ധം ഒരിക്കലും ഉണ്ടാവാതിരിക്കട്ടെയെന്നും സോവിയറ്റ്–യുഎസ് തലവന്‍മാരായിരുന്ന ഗോര്‍ബച്ചേവും റൊണാള്‍ഡ് റീഗനും 1985 ല്‍ പറഞ്ഞ വാക്കുകളെ 'ഹിബാകുഷ' ഓരോ ദിവസവും ഓര്‍മിപ്പിക്കുകയാണെന്നും സ്റ്റോക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡാന്‍ സ്മിത്ത് പറഞ്ഞു. ലോകത്ത് രണ്ടാംവട്ടം അണുബോംബ് പ്രയോഗിച്ചത് നാഗസക്കിയിലായിരുന്നു . അത് അവസാനത്തേതുമാകട്ടെ എന്നും സമിതി കൂട്ടിച്ചേര്‍ത്തു. യുദ്ധങ്ങളിലെ അണ്വായുധ പ്രയോഗം ഒഴിവാക്കേണ്ടതാണെന്ന ചിന്ത ഇന്നും സജീവമാക്കി നിര്‍ത്തുന്നതില്‍ ഹിഡാന്‍ക്യോയുടെ പങ്ക് സ്തുത്യര്‍ഹമാണെന്ന് സമിതി വിലയിരുത്തുന്നു. നാഗസാക്കിയില്‍ നിന്നും ഹിരോഷിമയില്‍ നിന്നുമുള്ള അതിജീവിതരുടെ കഥകളും അനുഭവങ്ങളും അണ്വായുധ പ്രയോഗത്തെ തടയുന്നതില്‍ ഫലപ്രദമായി നിലകൊണ്ടിട്ടുണ്ടെന്നും സമിതി പറഞ്ഞു.
സംഘടനയുടെ രൂപീകരണം
അണുബോംബിനെ അതിജീവിച്ച നാഗസാക്കിയിലെയും ഹിരോഷിമയിലെയും മനുഷ്യര്‍ കടുത്ത ക്ലേശങ്ങളാണ് അനുഭവിച്ചത്. ശരീരം അസുഖങ്ങളുടെ കൂടാരമായി മാറി. മരുന്ന് വാങ്ങാനും ജീവിതം തിരികെ പിടിക്കുന്നതിനുമായി സര്‍ക്കാര്‍ സഹായം ആവശ്യമായിരുന്നുവെങ്കിലും സംഘടിക്കുന്നതിനോ അധികൃതരോട് സഹായമാവശ്യപ്പെടുന്നതിനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
1950ന്‍റെ അവസാനത്തോടെ 'ബാന്‍ ദ് ബോംബ്' മുന്നേറ്റം ജപ്പാനില്‍ ഉടലെടുത്തു. സംഘടനാപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ഇത് ഹിരോഷിമയുടെയും നാഗസാക്കിയുടെയും മാത്രം പ്രശ്നമാണെന്ന നിലപാടായിരുന്നു മറ്റ് നഗരങ്ങളിലുള്ളവര്‍ക്ക്. ഈ സ്ഥിതിക്ക് മാറ്റം വരുന്നതും അണുബോംബുകളുടെ ഭീകരതയെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുന്നതും 'ലക്കി ഡ്രാഗണ്‍' സംഭവത്തോടെയാണ്.
1954 മാര്‍ച്ചില്‍ ജപ്പാനിലെ മല്‍സ്യബന്ധന കപ്പലായ ലക്കി ഡ്രാഗണ്‍ ആണവ വികിരണത്തിന് വിധേയമായി. പസഫിക് സമുദ്രത്തിലെ ബികിനി അറ്റോളില്‍ അമേരിക്ക നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഇത്. കപ്പല്‍ തിരികെ ജപ്പാനിലെത്തിയപ്പോഴേക്കും ജീവനക്കാര്‍ക്ക് റേഡിയേഷന്‍റെ അവശതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ദേശീയ ദിനപത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് ജപ്പാനിലെ ജനങ്ങള്‍ റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ദോഷഫലങ്ങളെ കുറിച്ചും അവ വെള്ളം വിഷലിപ്തമാക്കുന്നതിനെ കുറിച്ചും മല്‍സ്യങ്ങളെ കൊന്നൊടുക്കുന്നതിനെ കുറിച്ചുമെല്ലാം അറിഞ്ഞത്. വെള്ളവും മല്‍സ്യങ്ങളും മാത്രമല്ല, ജീവനും ജീവിതോപാധിയും അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ജനം ഹൈഡ്രജന്‍ ബോംബ് നിരോധിക്കണമെന്നും അണുബോംബ് പരീക്ഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരത്തിലിറങ്ങി. രാഷ്ട്രീയ–സാമൂഹ്യ വ്യത്യാസങ്ങള്‍ മാറ്റിവച്ച് രണ്ട് കോടിയിലേറെ ജനങ്ങള്‍ ഒപ്പുശേഖരണം നടത്തി സര്‍ക്കിന് കൈമാറിയത്. ഇതോടെ അണുബോംബുകള്‍ക്കെതിരെ വലിയൊരു പ്രതിഷേധം ജാപ്പനീസ് സമൂഹത്തില്‍ തന്നെ ഉയര്‍ന്നു വന്നു. ഹിരോഷിമയും നാഗസാക്കിയും ഇനി ആവര്‍ത്തിക്കരുതെന്ന് ജനം തീരുമാനിച്ചു.
കേവലം പറഞ്ഞ് പ്രചരിപ്പിക്കുന്നതിനപ്പുറം അണുബോംബിന്‍റെ ഭീകരത, അതിജീവിതരുടെ ശബ്ദത്തില്‍ ജാപ്പനീസ് ജനങ്ങളിലേക്ക് എത്താന്‍ 1955ലെ ''വേള്‍ഡ് കോണ്‍ഫറന്‍സ് എഗൈന്‍സ്റ്റ് ഹൈഡ്രജന്‍ ആന്‍റ് അറ്റോമിക് ബോംബ്' അവസരമൊരുക്കി. ഇത് അതിജീവിതരിലേക്ക് സാമ്പത്തിക– വൈദ്യ– പുനരധിവാസ സഹായങ്ങള്‍ എത്തിച്ചേരേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പര്യാപ്തമായിരുന്നു. ഈ പിന്തുണയില്‍ നിന്നുമാണ് 1956 ഓഗസ്റ്റ് 10ന് ഹിഡാന്‍ക്യോ എന്ന സംഘടന രൂപപ്പെടുന്നത്.
'ഞങ്ങള്‍ പഠിച്ച പാഠങ്ങളില്‍ നിന്ന് മാനവരാശിയെ ആണവായുധക്കെടുതിയില്‍ നിന്ന് രക്ഷിക്കുക'യാണ് ലക്ഷ്യമെന്ന് സംഘടന പ്രഖ്യാപിച്ചു. അണുബോംബുകള്‍ നിരോധിക്കുന്നതിനായി രാജ്യാന്തര ഉടമ്പടി തന്നെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന ലക്ഷ്യവും സംഘടന പ്രഖ്യാപിച്ചു. ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ആവര്‍ത്തിക്കപ്പെടരുതെന്നായിരുന്നു സംഘടന ഉയര്‍ത്തിയ മുദ്രാവാക്യം. രൂപീകൃതമായി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹിഡാന്‍ക്യോ ഉയര്‍ത്തിയ രണ്ട് ആവശ്യങ്ങളോടും അനുകൂല പ്രതികരണം നടത്താന്‍ നാളിതുവരെയുള്ള ജാപ്പനീസ് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കടുത്ത അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന സര്‍ക്കാരിന് 'ആണവ ബോംബ് നിരോധിക്കുക' എന്ന ആവശ്യം നിലവിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ പരിഗണിക്കാന്‍ ആവില്ലെന്ന് വിദഗ്ധരും വിലയിരുത്തുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ശേഷിക്കുന്ന അതിജീവിതര്‍ക്ക് വൈദ്യസഹായവും പുനരധിവാസവും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുകയെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ വേണ്ടതുപോലെ പരിഗണിച്ചിട്ടില്ല. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഹിഡാന്‍ക്യോ പോരാടുകയാണ്. ഇനിയൊരു 'ഹിബാകുഷ' ലോകത്തില്‍ ഉണ്ടാവരുതെന്ന് തന്നെയാണ് ആ നിലപാട്. ജപ്പാന്‍ മാത്രമല്ല,ലോകം മുഴുവന്‍ ആ നിലപാട് സ്വീകരിക്കണമെന്ന അഭ്യര്‍ഥനയും 'ഹിബാകുഷ' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംഘടന മുന്നോട്ട് വയ്ക്കുന്നു.