ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാനുള്ള ലക്ഷ്യസ്ഥാനം ഇസ്രയേൽ നിശ്ചയിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ ചാനലായ 12 ന്യൂസ് പ്രകാരം ആക്രമിക്കാൻ ഉന്നമിടുന്ന സ്ഥലങ്ങളുടെ പട്ടിക സൈന്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗല്ലന്റിനും കൈമാറി. മേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കൈകൊണ്ടതായും റിപ്പോർട്ട് പറയുന്നു.
Also Read: ഇറാനുമേൽ ശക്തമായ ആക്രമണം? അമേരിക്കൻ സന്നാഹങ്ങൾ ഇസ്രയേലിൽ; ലക്ഷ്യം ഇങ്ങനെ
ഇറാൻറെ സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ആക്രമിക്കുകയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെഹന്യാഹു ഇക്കാര്യം ബൈഡൻ ഭരണകൂടത്തെ അറിയിച്ചതായി ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാൻറെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടില്ലെന്ന് നെതന്യാഹു കഴിഞ്ഞ ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ബൈഡന് ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇസ്രയേൽ ആക്രമണമുണ്ടായാൽ നിർണായകമായ തിരിച്ചടിക്ക് ഇറാൻ തയ്യാറെന്ന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ട്റസുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.
മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇറാൻ എല്ലാവിധ ശ്രമങ്ങളും നടത്തും. എന്നാൽ ഏത് തരം സാഹസികതയ്ക്ക് നേരെയും നിർണ്ണായകവും കരയിപ്പിക്കുന്നതുമായ പ്രതികരണം നടത്താനും ഇറാൻ തയ്യാറാണെന്നാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്.
ഇറാന്റെ സഖ്യകക്ഷികളായ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെയും വധിച്ചതിന് തിരിച്ചടിയായാണ് ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിന് നേർക്ക് വ്യോമാക്രമണം നടത്തിയത്. 200 ഓളം മിസൈലുകൾ ഉൾകൊള്ളുന്ന ആക്രമണമാണ് അന്ന് ഇറാൻ നടത്തിയത്. 300 കിലോ മീറ്റർ ദൂരം താണ്ടാൻ സാധിക്കുന്ന ഷഹാബ് 1 മുതൽ 2000 കിലോ മീറ്റർ വരെ ശേഷിയുള്ള ഷഹാബ് 3 വരെയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻറെ കയ്യിലുണ്ട്.
ഇവയിൽ ഭൂരിഭാഗം മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനം തകർത്തിരുന്നു എന്നാണ് ഇസ്രയേലിന്റെ അവകാശ വാദം. എന്നാൽ സ്കൂൾ കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നിരുന്നു. ആർമി ക്യാംപുകളും മൊസാദ് ആസ്ഥാനവും അടക്കമുള്ളവ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ആക്രമണം.