വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെ അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്ത മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. നവംബർ 18 ന് ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് വാറണ്ട്. ബംഗ്ലാദേശ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹസീനയെ കൂടാതെ അവാമി ലീഗ് പാർട്ടിയുടെ ഒളിവിൽപ്പോയ മുൻ ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദറിനും മറ്റ് 44 പേർക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച രണ്ട് ഹർജികളിലാണ് നടപടി. ഹസീനക്കെതിരെ ഒന്നിലധികം കേസുകളിലാണ് കോടതി വാദം കേള്‍ക്കുന്നത്.
ബംഗ്ലദേശിലെ പ്രക്ഷോഭത്തെ തുടർന്ന് പലായനം ചെയ്ത ഹസീന 55 ദിവസമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ബംഗ്ലദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശിൽ നിന്ന് പോയതിനുശേഷം ഹസീന പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ഉള്‍പ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മുതൽ ആഗസ്റ്റ് വരെ നടന്ന കൂട്ടക്കൊലകൾക്കും കൊലപാതകങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ഷെയ്ഖ് ഹസീനയായിരുന്നു എന്ന് ബംഗ്ലാദേശ് ഇന്‍റര്‍നാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്‍റെ (ഐസിടി) ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്ലാം പറയുന്നു.
ബംഗ്ലദേശ് നിലവില്‍ നൊബേല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറിന്‍റെ ഭരണത്തിന് കീഴിലാണ്. ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടർന്നാണ് ഇടക്കാല സർക്കാർ അധികാരമേറ്റത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നത് പ്രക്ഷോഭകരുടെ ആവശ്യമായിരുന്നു.