ഒരു വർഷമായി ഇസ്രയേൽ സൈനികരും രഹസ്യാന്വേഷണ ഏജൻസികളും ഒപ്പം യുഎസും രാപകലില്ലാതെ തിരഞ്ഞിരുന്ന ‘മോസ്റ്റ് വാണ്ടഡ് പഴ്സണ്‍’ ഒടുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. സായുധ സംഘടനയായ ഹമാസിന്‍റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സാണ്. ഓഗസ്റ്റില്‍ ഇറാനില്‍വെച്ച് ഇസ്മയേല്‍ ഹനിയയെ കൊലപ്പെടുത്തിയതോടെയാണ് യഹ്യ സിന്‍വാര്‍ ഹമാസിന്‍റെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ്  യഹ്യ സിന്‍വാറെന്നാണ് ഇസ്രയേല്‍ വാദം.

‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ആയിരക്കണക്കിന് ഡ്രോണുകള്‍ക്ക് മുന്നില്‍ ഇസ്രയേലിന് അടിപതറി. 2023 ഒക്ടോബര്‍ 7ലെ ആ ആക്രമണം യാഹ്യ സിന്‍വറിന്‍റെ ചിന്തയില്‍ നിന്ന് പടര്‍ന്ന തീയായിരുന്നു.  സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പിന്നീട് വ്യാമാക്രമണം നടത്തി തിരിച്ചടിച്ചെങ്കിലും യാഹ്യ തുടങ്ങിവച്ച ആക്രമണം നീറിനീറി നിന്നു.

യഹ്യ സിൻവറിനെ വധിച്ചതെങ്ങനെ?

 ഗാസയിൽ ഹമാസ് നിർമ്മിച്ച  തുരങ്കങ്ങളിലൊന്നില്‍  ബന്ദികാളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ മനുഷ്യകവചങ്ങളാക്കി ഒളിച്ചു കഴിയുകയായിരുന്നു 61കാരനായ യഹ്യ സിൻവാര്‍.  ഇസ്രയേല്‍ ചാരക്കണ്ണുകളുടെ മുന്നിൽപ്പെട്ടതിനാലല്ല, സൈന്യം നടത്തിയ തിരച്ചിലുകൾക്കിടെയുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം.  ഐഡിഎഫിന്‍റെ 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താൽ അൽ-സുൽത്താനിൽ ബുധനാഴ്ച പട്രോളിങ് നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന 3 പേരെ കണ്ടെത്തിയ സൈന്യം അവരെ പിന്തുടർന്നു. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഡ്രോണുപയോഗിച്ച് കണ്ടെത്തി  കൊലപ്പെടുത്തി.

യുദ്ധത്തിനിടെ, തീവ്രവാദികൾ മറഞ്ഞിരുന്ന ഒരു കെട്ടിടത്തിൻ്റെ ഒരു ഭാഗം സൈന്യം തകർത്തു, പൊടിപടലങ്ങൾ നീക്കി കെട്ടിടത്തിൽ തിരച്ചിൽ തുടങ്ങിയപ്പോഴാണ്, ഒരു മൃതദേഹത്തിന് ഹമാസ് നേതാവിനോട് ഞെട്ടിക്കുന്ന സാദൃശ്യം ഉണ്ടെന്ന് ഇസ്രായേൽ സൈനികർ ശ്രദ്ധിച്ചത്. യഹ്യ ഉണ്ടാവാന്‍ തീരെ  സാധ്യതയില്ലാത്ത സ്ഥലമായിരുന്നു അത്. സ്വന്തം സുരക്ഷയെ ഭയന്ന് സിൻവാർ ആഴത്തിലുള്ള ഭൂഗർഭത്തിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇസ്രായേലി-യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ പണ്ടേ വിലയിരുത്തിയിരുന്നു.  സിൻവാറിനോട് സാമ്യമുള്ള മുഖ സവിശേഷതകളുള്ള ഒരു പുരുഷൻ്റെ ശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായി പരിശോധിച്ചു..   തലയോട്ടി തകര്‍ന്നിരിക്കുന്നു.  കാലിലടക്കം ഗുരുതരമായ ഒട്ടേറെ മുറിവുകളുണ്ട്.  സിൻവാറിൻ്റെ ദൃശ്യങ്ങളെടുത്ത് ഒത്തുനോക്കി, പൊരുത്തപ്പെടുന്ന നിരവധി സവിശേഷതകൾ ശരീരത്തിലുണ്ടെന്ന് ഫോട്ടോഗ്രാഫുകളില്‍ നിന്ന് വ്യക്തമായി.  കണ്ണുകൾക്ക് സമീപമുള്ള വ്യക്തമായ മറുകുകളും വളഞ്ഞ പല്ലുകളും കണ്ടെടുത്ത മൃതദേഹത്തിനുണ്ടായിരുന്നു  . 

പോരാട്ടം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം, സൈനികർ മൃതദേഹങ്ങൾ ഒന്നുകൂടി  ശ്രദ്ധയോടെ പരിശോധിച്ചു. ഒടുവില്‍ ഉറപ്പിച്ചു മരിച്ചത് യാഹ്യ സിന്‍വാര്‍ തന്നെ . കൂടുതൽ പരിശോധനയ്ക്കായി വിരലിന്‍റെ  ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ചു. പരിശോധനകൾക്ക് അധികം സമയം വേണ്ടിവന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ, പരിശോധന പൂർത്തികരിച്ചു . ഇതിനിടെ യഹ്യ സിൻവറിന്‍റേത് എന്നരീതിയില്‍  മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. യാഹ്യ ഗാസയില്‍ കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നുമാത്രമാണ് ആ ഘട്ടത്തില്‍ ഇസ്രയേല്‍ സേന അറിയിച്ചത് .എല്ലാ പരിശോധനകളും കൊല്ലപ്പെട്ടത് യാഹ്യ തന്നെയന്ന് ഉറപ്പിച്ചശേഷം   ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തു മണിക്കാണ് ഇസ്രയേല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  ഇസ്രയേലിന്‍റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്.

ആരാണ് യഹ്യ സിൻവർ?

 തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ അഭയാർഥിക്യാംപിൽ 1962ലാണ് യഹ്യ സിൻവർ ജനിച്ചത്. 1948ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ആഷ്കെലോൻ ആയിത്തീർന്ന മജ്‌ദൽ അസ്കലമിൽനിന്നുള്ള അഭയാർഥികളായിരുന്നു  യാഹ്യയുടെ കുടുംബം.ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ 1988ൽ അറസ്റ്റിലായി. 22 വർഷം ഇസ്രയേൽ ജയിലിൽ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ൽ മോചിതനായി. രണ്ടുദശകത്തിലേറെ നീണ്ട ജയിൽജീവിതം സിൻവറിന്‍റെ പോരാട്ടവീര്യം ഉയർത്തി. സായുധസമരമല്ലാതെ പലസ്തീൻകാർക്കു മറ്റുവഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

ജയിൽവാസത്തിനിടെ ഹീബ്രുവിൽ പരിജ്ഞാനം നേടി. ഇസ്രയേൽ നേതാക്കളുടെ മനസ്സ് പഠിക്കാൻ ഹീബ്രൂ പഠനം സഹായിച്ചെന്ന് സിൻവർ നേരത്തെ പറഞ്ഞിട്ടുണ്ട്. 2017ൽ ഇസ്മായിൽ ഹനിയ ഖത്തറിൽ പ്രവാസിയായി. ഹമാസിന്‍റെ  രാഷ്ട്രീയകാര്യ മേധാവിയായതോടെ ഗാസയിലെ മേധാവിയായി സിൻവർ സ്ഥാനമേറ്റു. ഹനിയ കൊല്ലപ്പെട്ടശേഷം ഹമാസിന്‍റെ നിയന്ത്രണം സിൻവറിനായിരുന്നു.വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണങ്ങളിൽ ഇസ്രയേൽ വൻതോതിൽ കുടിയേറ്റം ആരംഭിക്കുകയും പലസ്തീൻകാരെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് ഹമാസിനെ കടന്നാക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പറയുന്നു. അതിനിടെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതും വലിയ പ്രകോപനമായി. ഇസ്രയേലി‍ൽ കടന്നാക്രമണം നടത്തുകയെന്ന പദ്ധതി സിൻവറിന്‍റേതായിരുന്നുവെന്നും ഹനിയ ഇതിനോടു പൂർണമായി യോജിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.

.

യുദ്ധം തീരുമോ?

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിൻവറിനെ കൊല്ലുക എന്നത് ഇസ്രയേലിന്‍റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ ഈ മരണത്തോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിന്റെ കൈവശമുള്ള 101 ബന്ദികളെ തിരികെയെത്തിക്കുന്നതും ഒരു ലക്ഷ്യമാണെന്ന് ഇസ്രയേൽ പറയുന്നു. എല്ലാവരും മടങ്ങിവരുന്നതുവരെ യുദ്ധം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.  യഹ്യയുടെ വധത്തിന് പിന്നാലെ ഇറാനും പ്രതികരണവുമായി രംഗത്തെത്തി. യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നുമാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Israel kills Hamas chief: Who was Yahya Sinwar? Why is his death significant?