ബെയ്‌റൂട്ടിൻ്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടവും വാഹനങ്ങളും. ചിത്രം; എഎഫ്പി

TOPICS COVERED

സമീപ കാലത്ത് രണ്ടു തവണയാണ് ഇസ്രയേലിന് നേർക്ക് ഇറാൻ ആക്രമണം നടത്തിയത്. ഏപ്രിൽ 13ലെ  ഡ്രോൺ ആക്രമണം മുൻകൂട്ടി പ്രഖ്യാപിച്ചതാണെങ്കിൽ ഒക്ടോബർ ഒന്നിന് അപ്രതീക്ഷിതമായിട്ടാണ് ഇറാന്‍റെ  ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലില്‍ പതിച്ചത്. ഈ ആക്രമണങ്ങൾ നടത്താൻ ഇസ്രയേലിന് ഉള്ളിൽ നിന്നുതന്നെ ഇറാന് സഹായങ്ങൾ ലഭിച്ചെന്നാണ് വിവരം. അതും മൊസാദിന്‍റെ  കണ്ണുവെട്ടിച്ച്. 

ഇറാന് വിവരം ചോർത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് ഇസ്രയേൽ ഏഴ് ജൂതന്മാരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന കോടതി നടപടികളിൽ ഇവർക്കെതിരെ കുറ്റവും ചുമത്തി. യുദ്ധസമയത്ത് ശത്രുക്കൾക്ക് സഹായം നൽകി, വിവരങ്ങൾ കൈമാറി എന്നി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

ഹൈഫയിൽ താമസക്കാരായ ഏഴുപേരാണ് പ്രതികൾ. സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു പട്ടാളക്കാരനും 16-17 വയസ് പ്രായമുള്ള രണ്ട് പ്രായപൂർത്തിയാകാത്തവരും സംഘത്തിലുണ്ട്. അസീസ് നിസനോവ് എന്ന ഇസ്രയേൽ പൗരനെയാണ് ഇറാൻ ചാരസംഘത്തിൻ്റെ തലവനായി റിക്രൂട്ട് ചെയ്തതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. അലക്സാണ്ടർ സാഡിക്കോവ് എന്ന സഹായിയാണ് മറ്റ് ഏജൻ്റുമാരെ നിയന്ത്രിച്ചത്. 

മൂന്നും നാലും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ് . ഇസ്രയേലിലെ  തന്ത്രപ്രധാനമായ  കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകര്‍ത്തി  ഇറാന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ ജോലി. ഇവര്‍ക്ക്  ഇറാനിയൻ ഏജൻ്റുമായി  പണമിടപാടുകളും ഉണ്ടായിരുന്നു.

ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേനെയായിരുന്നു ചാരപ്രവർത്തനം. ഇസ്രയേലിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ, സൈനിക മേഖലകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇറാന് ഇവരില്‍ നിന്നും ലഭിച്ചത്. നെവാറ്റിം, റമാത് ഡേവിഡ്, ടെൽ നോഫ് എന്നിവിടങ്ങളിലെ വ്യോമ താവളങ്ങളും ബിയർ ടുവിയ, കിര്യത് ഗാറ്റ്, ഇമെക് ഹെഫർ, ഗ്ലിലോട്ട് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളും ചിത്രീകരിക്കാൻ പ്രതികൾ ശ്രമം നടത്തി. 

ഹൈഫയിലെ അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍ കൈമാറി.  സർക്കാർ കെട്ടിടങ്ങൾ, തുറുമഖം, ഹഡേര പവർ പ്ലാന്‍റ് തുടങ്ങിയവയുടെ ചിത്രങ്ങളും  ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഒക്ടോബർ ഒന്നിലെ  ആക്രമണത്തിൽ ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം വെച്ച ഗോലാനി ട്രെയിനിങ് ക്യാപിന്‍റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. ഏപ്രിൽ 14 ന് ഇറാന്‍റെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് ശേഷം നെവറ്റം എയർബേസിന്‍റെ  ദൃശ്യങ്ങളും സംഘം ഇറാനിലേക്ക് അയച്ചതായി പ്രോസിക്യൂഷന്‍ കണ്ടെത്തി. 

ഓരോ ദൗത്യത്തിനും 500 ഡോളർ മുതൽ 1200 ഡോളർ (42,000 രൂപ മുതല്‍ 99,600 രൂപ) വരെയാണ് ഇറാന്‍ നല്‍കിയ തുക. 600 ദൗത്യങ്ങള്‍ക്കായി ഏകദേശം 3 ലക്ഷം ഡോളർ (2.50 കോടി രൂപ) ആകെ നൽകി. ഇത് അംഗങ്ങൾക്കിടയിൽ വീതിച്ചെടുക്കുകയായിരുന്നു. 

ENGLISH SUMMARY:

Spies from Israel leaked information to Iran for Rs 2.50 crore.