പ്രാര്‍ഥിക്കുമ്പോള്‍ പോലും സ്ത്രീകളുടെ ശബ്ദം പുറത്തുകേള്‍ക്കരുതെന്ന നിയമം കര്‍ശനമാക്കി താലിബാന്‍. താലിബാന്‍ നിയമം അനുസരിച്ച് സ്ത്രീകളുടെ ശബ്ദം മൂടിവയ്ക്കപ്പെടേണ്ടതോ, പൊതുവിടങ്ങളില്‍ കേള്‍ക്കേണ്ടതോ അല്ലാത്തതായ ഒന്നാണ് . മറ്റ് സ്ത്രീകള്‍ക്കു പോലും കേള്‍ക്കാവുന്ന തരത്തില്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ സംസാരിക്കരുതെന്നാണ് താലിബാന്‍ അനുശാസിക്കുന്നത്.
വിശ്വാസ പ്രചരണ വിഭാഗം മന്ത്രിയായ മുഹമ്മദ് ഖാലിദ് ഹനാഫിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മറ്റു സ്ത്രീകള്‍ക്കൊപ്പം ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യുന്നതോ തക്ബീര്‍, ആസാന്‍ തുടങ്ങിയ പ്രാര്‍ഥനകള്‍ ചൊല്ലുന്നതോ പോലും നിയമപരമായി കുറ്റകരമാണ്. പാട്ട് കേള്‍ക്കുന്നതിനും പാടുന്നതിനും സ്ത്രീകള്‍ക്ക് അനുവാദമില്ല എന്നും ഹനാഫി പ്രഖ്യാപിച്ചു.
ഈ നിയമം കൂടി താലിബാന്‍ കര്‍ശനമാക്കിയതോടെ സ്ത്രീകളുടെ സര്‍വ സ്വാതന്ത്ര്യവും തകര്‍ക്കപ്പെടുകയാണ് അഫ്ഗാനില്‍. സംസാരിക്കാന്‍ പോലും അനുവാദമില്ലാതെ എങ്ങനെ മനുഷ്യന്‍ ജീവിക്കുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. രാജ്യത്തിനു പുറത്തുള്ള അഫ്ഗാന്‍ ജനത താലിബാന്‍ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുന്നുണ്ട്.
അഫ്ഗാനിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. സ്ത്രീ ശബ്ദങ്ങളെപ്പോലും അവര്‍ അടിച്ചമര്‍ത്തുന്നു. സ്ത്രീകള്‍ എല്ലാത്തരത്തിലും അടിമകളായി കഴിഞ്ഞു. ജീവിക്കാനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. താലിബാന്‍ എല്ലാ പരിധിയും വിടുന്നു എന്നാണ് സോഹള്‍ അസ്റ എന്ന ആക്ടിവിസ്റ്റ് പ്രതികരിച്ചിരിക്കുന്നത്.
പെണ്‍കുട്ടികളും പഠനം അവര്‍ ആദ്യം തടസപ്പെടുത്തി. സാമൂഹികമായി അവരെ ഒറ്റപ്പെടുത്തി. അതിക്രൂരമായി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ജീവിക്കാനുള്ള അവകാശം പോലും അവര്‍ക്ക് താലിബാന്‍ നിഷേധിച്ചു. ശബ്ദം പോലും പുറത്തു കേള്‍ക്കരുതെന്ന ഭീഷണിയാണ് താലിബാന്‍ സ്ത്രീകള്‍ക്കു മുന്നില്‍ വയ്ക്കുന്നത്, ഇവിടെ എങ്ങനെ ജീവിക്കും എന്നാണ് സോഹള്‍ അസ്റയും മറ്റ് ആക്ടിവിസ്റ്റുകളും ചോദിക്കുന്നത്.