ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്‍. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ‘ഡ്യൂറന്‍ഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധവകുപ്പ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇത്തരം ദുഷ്ടശക്തികളുടെ താവളങ്ങളും ലക്ഷ്യമിട്ടെന്നും ട്വീറ്റില്‍ പറയുന്നു.
‘ഡ്യൂറന്‍ഡ്’ ലൈന്‍ അതിര്‍ത്തിയായി അഫ്ഗാനിസ്ഥാന്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ പാക്കിസ്ഥാനിലാണ് ആക്രമണം നടത്തിയതെന്ന് അവര്‍ നേരിട്ട് പറയാറില്ല. ഡ്യൂറന്‍ഡ് ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് അഫ്ഗാന്‍റെ നിലപാട്. ഈ മേഖലകളിലാണ് ഇന്ന് തിരിച്ചടി ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലുള്ള തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാന്‍റെ (ടിടിപി) കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. സൗത്ത് വസീരിസ്ഥാന്‍ അടക്കമുള്ള പാക് പ്രദേശങ്ങളില്‍ ടിടിപി ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു വ്യോമാക്രമണം.
ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 46 സാധാരണക്കാര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് താലിബാന്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ പാക് പ്രത്യേക പ്രതിനിധി മുഹമ്മദ് സാദി കാബൂളിലെത്തി താലിബാന്‍ നേതാക്കളെ കണ്ടുമടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു പാക് ആക്രമണം. ഇതോടെ പാക്കിസ്ഥാന്‍–അഫ്ഗാനിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായി. ആറായിരത്തോളം ടിടിപി ഭീകരര്‍ക്ക് താലിബാന്‍ അഫ്ഗാനില്‍ അഭയം നല്‍കിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്.