റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് ലോക്കോപൈലറ്റ്, ആ ലോക്കോ പൈലറ്റിനോട് പ്രണയത്തിലായി യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു കൗതുകമുണര്‍ത്തുന്ന പ്രണയകഥയാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡിൽ നിന്നുള്ള ഷാർലറ്റ് ലീ എന്ന 33കാരിയാണ് തൻ്റെ ജീവൻ രക്ഷിച്ച ട്രെയിൻ ഡ്രൈവറുമായി പ്രണയത്തിലായത്.
2019ലാണ് സംഭവം. കടുത്ത വിഷാദം ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവയോട് നഴ്‌സും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാർലറ്റ് പോരാടുന്ന കാലം. എന്നാല്‍ ഒരിക്കല്‍ ഒരുനിമിഷത്തെ തോന്നലില്‍ ഷാര്‍ലറ്റ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നു. അതിനായി ട്രാക്കിലെത്തി. എന്നാല്‍ യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പിന്നാലെ ഓടി ഷാര്‍ലറ്റിന്‍റെ അടുത്തെത്തി. അരമണിക്കൂറോളം ഷാര്‍ലറ്റിനോട് സംസാരിച്ച് യുവതിയെ അനുനയിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് അദ്ദേഹം യുവതിയെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ മാസ്റ്ററും പൊലീസും ചേര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് നിർദ്ദേശിക്കുകയായിരുന്നു.
പതിയെ രോഗാവസ്ഥകളില്‍ നിന്ന് മുക്തയായ ഷാര്‍ലറ്റ് സോഷ്യല്‍ മീഡിയയില്‍ തന്‍റെ ജീവന്‍കാത്ത ഡേവ് ലെ എന്ന മനുഷ്യനെ തിരഞ്ഞു. നന്ദി പറയലില്‍ ആരംഭിച്ച അവരുടെ ഓൺലൈൻ സംഭാഷണങ്ങൾ വളർന്നു, രണ്ടു മാസത്തെ ചാറ്റിങിന് ശേഷം അവർ നേരിൽ കണ്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, അവരുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് മൂന്ന് കുട്ടികളുടെ അമ്മയാണ് ഷാര്‍ലറ്റ്. ജീവിതത്തിന്‍റെ അർത്ഥം വീണ്ടും കണ്ടെത്താനും തളരുമ്പോള്‍ താങ്ങായതിനുമുള്ള പൂര്‍ണ ക്രെഡിറ്റ് ഷാർലറ്റ് തന്‍റെ ഭര്‍ത്താവിന് നല്‍കുകയാണ്.