‘സാർക്കോ സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യമരണത്തില്‍ വഴിത്തിരിവ്. 64 വയസ്സുള്ള അമേരിക്കൻ വനിതയായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ജീവനൊടുക്കുന്നതിനായി സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്. ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ ആത്മഹത്യ ചെയതത്. എന്നാല്‍ തൊട്ടുപിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ആത്മഹത്യയ്ക്ക് പ്രേരണയും സഹായവും നൽകിയതായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അറുപത്തിനാലുകാരിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായത്. മാത്രമല്ല യുവതി പോഡ് ഉപയോഗിച്ചതിന് പിന്നാലെ നിരവധി തവണ പോഡ് തുറക്കുകയും അടയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. യുവതി പോഡ് ഉപയോഗിച്ചതിനും പൊലീസ് പോഡിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനും ഇടയിലാണ് പോഡ് നിരവധി തവണ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്തിട്ടുള്ളത്. യുവതിയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്. പോഡിനുള്ളിലും പോഡ് സജ്ജീകരിച്ചിരുന്ന മരങ്ങള്‍ക്കിടയിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ സംഭവം പതിഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ക്യാമറകള്‍ വ്യക്തമായി കാണിക്കുന്നില്ല. സൂയിസൈഡ് പോഡിന്‍റെ തകരാര്‍, ബാഹ്യ ഇടപെടലുകള്‍ എന്നിവയെല്ലാം അന്വേഷിക്കുകയാണ്.
‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ് സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് ഡോ. ഫ്ലോറിയൻ വില്ലെറ്റ് മാത്രമാണ് മരണസമയത്ത് അവിടെ ഉണ്ടായിരുന്നതെന്നും ബട്ടണ്‍ അമര്‍ത്തി രണ്ടര മിനിറ്റിനുള്ളിൽ സ്ത്രീയ്ക്ക് ശക്തമായ മലബന്ധം ഉണ്ടായതായി ഇയാള്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നൈട്രജൻ മരണങ്ങളിലെ സാധാരണ പ്രതികരണമാണിത്. എന്നാല്‍ സ്ത്രീ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആറര മിനിറ്റിനുശേഷം പോഡ് ഉച്ചത്തിലുള്ള അലാറം പുറപ്പെടുവിച്ചതായും പറയുന്നു. ഈ സമയം പോഡ് രൂപകല്‍പന ചെയത ഡോ. ഫിലിപ്പ് നിറ്റ്‌ഷ്‌കെയുമായി മൊബൈല്‍ സംഭാഷണത്തിലായിരുന്ന വില്ലറ്റ് ‘അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ഫിലിപ്പേ’ എന്ന് ഫോണിലൂടെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അലാറം നിലച്ചു. ബട്ടൺ അമർത്തി ഏകദേശം 30 മിനിറ്റിനു ശേഷമാണ് വില്ലറ്റ് സ്ത്രീയുടെ മരണം ഉറപ്പിക്കുന്നത്.
അതേസമയം ഈ കണ്ടെത്തലുകൾ സ്വിസ് അധികൃതർ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെകുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തുന്നതിൽ നിന്ന് പ്രോസിക്യൂട്ടറുടെ ഓഫീസും വിട്ടുനില്‍ക്കുകയാണ്. ഡച്ച് ദിനപത്രമായ ഡി വോക്‌സ്‌ക്രാന്‍റാണ് കണ്ടെത്തലുകള്‍ പുറത്തുവിടുന്നത്. സെപ്തംബർ 23 നായിരുന്നു സൂയിസൈഡ് പോഡ് ഉപയോഗിച്ചുള്ള ആദ്യ മരണം. ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള സ്വിറ്റ്‌സർലൻഡിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമായ മെറിഷൗസണിലെ ക്യാബിനിനടുത്തുള്ള ആളൊഴിഞ്ഞ വനമേഖലയിലായിരുന്നു സാർക്കോ സൂയിസൈഡ് പോഡ് സ്ഥാപിച്ചിരുന്നത്.
‘ലാസ്റ്റ് റിസോർട്ട്’ പറയുന്നതനുസരിച്ച് പോഡിനുള്ളില്‍ കയറുന്ന വ്യക്തിക്ക് പോഡ് സീല്‍ ചെയ്തുകഴിഞ്ഞാല്‍ സ്വയം ബട്ടൺ അമർത്തി നൈട്രജൻ വാതകം നിറയ്ക്കാന്‍ സാധിക്കും. ആ വ്യക്തി പിന്നീട് ഉറങ്ങുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയുമാണ് ചെയ്യുന്നത്. മാരക രോഗങ്ങള്‍ ബാധിച്ചവരെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നതിനാണ് പോഡ് രൂപകല്‍പന ചെയ്തതെന്നാണ് എക്‌സിറ്റ് ഇൻ്റർനാഷണലിൻ്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്‌ഷ്‌കെ പറഞ്ഞിരുന്നത്. കടുത്ത വേദന അനുഭവപ്പെടുന്ന ഗുരുതരമായ അസുഖം' ഉണ്ടായിരുന്ന സ്ത്രീയാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ രണ്ട് വർഷത്തിലധികമായി ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നു.