ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാന്‍ ആക്രമണത്തിന് പിന്നാലെ കാനഡയില്‍ ഹിന്ദു സമൂഹത്തിന്‍റെ വന്‍ പ്രതിഷേധം. ആക്രമണം നടന്ന ബ്രാംപ്ടണില്‍ ആയിരക്കണക്കിന് പേര്‍ പ്രകടനം നടത്തി. നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
ഇന്നലെ ആക്രമണം നടന്ന ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രത്തിന് മുന്നിലാണ് കാനഡയില്‍ ഹിന്ദു വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഹിന്ദു ഫോബിയ അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങള്‍ക്കും ഹിന്ദു സമൂഹത്തിനുമെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ ഇന്നലെ ഖലിസ്ഥാന്‍ വാദികള്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കാനഡ സസ്പെന്‍ഡ് ചെയ്തു. ഹരീന്ദര്‍ സോഹി എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റാലിയില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കാനഡയിലെ ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങും പറഞ്ഞു. അക്രമികളെ ഇതുവരെയും കനേഡിയന്‍ സര്‍ക്കാര്‍ പിടികൂടിയിട്ടില്ല.