യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസുമാണ് ഏറ്റുമുട്ടുന്നത്. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കം സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ച്ചയായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടു. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടെ തുടങ്ങുന്ന വോട്ടെടുപ്പ് നാളെ പുലര്‍ച്ചെ അഞ്ചരവരെ തുടരും. തുടര്‍ന്ന് വോട്ടെണ്ണല്‍. രാവിലെ പത്തുമണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. കടുത്ത പോരാട്ടമായതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫലപ്രഖ്യാപനം വൈകാനാണ് സാധ്യത
അത്യപൂര്‍വമായൊരു തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് അമേരിക്ക അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 24 കോടിയിലധികമുള്ള അമേരിക്കന്‍ വോട്ടര്‍മാര്‍ അവരുടെ പ്രസിന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടുള്ള വോട്ടെടുപ്പിലൂടെയല്ല. പകരം 50 സംസ്ഥാനങ്ങളില്‍ നിന്നായി 538 അംഗ ഇലക്ടറല്‍ കോളജാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നത്
538 ഇലക്ടറല്‍ വോട്ടുകള്‍. അതില്‍ കേവലഭൂരിപക്ഷമായ 270 സീറ്റ്ലഭിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രസിഡന്റാകും. അതിലേക്കുള്ള വഴി ഇപ്രകാരമാണ്. ജനങ്ങളുടെ പോപ്പുലര്‍ വോട്ടുകളിലൂടെ ഓരോ സംസ്ഥാനങ്ങളിലേയും ഇലക്ടറല്‍ വോട്ടുകള്‍ ആര്‍ക്കെന്ന് നിര്‍ണയിക്കും. അമേരിക്കയിലെ 50 സംസ്ഥാനങ്ങള്‍ക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 സീറ്റ് വീതമുണ്ട്. അതുപോലെ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായ അംഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 2 സെനറ്റർമാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാൽ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളുണ്ടാകും. ഇതുപോലെ 50 സംസ്ഥാനങ്ങളിലെ 538 ഇലക്ടറൽ കോളജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളും അവരുടെ എല്ലാ ഇലക്ടറൽ കോളജ് വോട്ടുകളും അതതു സംസ്ഥാനങ്ങളിലെ ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിക്കാണ് നൽകുന്നത്. അതായത്, ഒരു സംസ്ഥാനത്ത് ഒരു വോട്ടിനെങ്കിലും ജയിക്കുന്ന പാര്‍ട്ടിക്കായിരിക്കും ‘വിന്നർ ടേക്സ് ഓൾ' നയപ്രകാരം ആ സംസ്ഥാനത്തെ എല്ലാ ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കാനാകുക. ദേശീയതലത്തിൽ ജനകീയ വോട്ടിൽ ഒന്നാമതെത്തുന്ന സ്ഥാനാർഥി പ്രസിഡന്റാകണമെന്നില്ലെന്ന് സാരം. 2016ൽ ഹിലറിക്ക് ട്രംപിനെക്കാൾ 29 ലക്ഷത്തോളം വോട്ടുകൾ അധികം ലഭിച്ചു. എന്നാൽ, കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുകൾ നേടിയത് ട്രംപ് ആയിരുന്നു. അതായത്, ദേശീയതലത്തിലെ ജനകീയ വോട്ടുകളേക്കാൾ പ്രധാനം 270 ഇലക്ടറൽ കോളജ് വോട്ടുകൾ നേടിത്തരുന്ന സംസ്ഥാനങ്ങൾ ജയിക്കുക എന്നതാണ്.
ന്യൂയോർക്ക്, കലിഫോർണിയ തുടങ്ങി തീരങ്ങളോടു ചേർന്നുകിടക്കുന്ന വലിയ സംസ്ഥാനങ്ങൾകാലങ്ങളായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന ബ്ലൂ സ്റ്റേറ്റുകളാണ്. ടെക്സസ്, ലൂസിയാന, അലബാമ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങൾ റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള റെഡ് സ്റ്റേറ്റുകളും. സാധാരണ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇത്തരം സംസ്ഥാനങ്ങളിൽ കാര്യമായ മത്സരം ഉണ്ടാവാറില്ല. 2 പാർട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങൾ അനായാസം നിലനിർത്തുകയാണു പതിവ്. ഇവിടെയാണ് സ്വിങ് സ്റ്റേറ്റേസിന്‍റെ പ്രാധാന്യം. 2 പാർട്ടികളെയും മാറിമാറി ജയിപ്പിക്കുന്ന, അല്ലെങ്കിൽ 2 പാർട്ടികൾക്കും ഏറക്കുറെ തുല്യ സ്വാധീനമുള്ള സംസ്ഥാനങ്ങളെയാണ് സ്വിങ് സ്റ്റേറ്റ് അഥവാ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ് അല്ലെങ്കിൽ പർപ്പിൾ സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. യഥാർഥത്തിൽ, ഈ ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നത്.