യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഫലമറിഞ്ഞ സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. ഫലം പുറത്തുവന്ന 26 സീറ്റുകളില്‍ നിന്നായി ട്രംപിന് 23 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, കെന്‍റകി, കരോളൈന എന്നിവിടങ്ങളിലാണ് ട്രംപ് ആധിപത്യം നേടിയത്. അതേസമയം വെര്‍മണ്ടിലും കണക്ടികട്ടിലും കമല ഹാരിസ് മുന്നേറുകയാണ്. ശരിയായ പാതയിലാണ് ഇപ്പോള്‍ പോകുന്നതെന്നും അങ്ങനെ തന്നെ തുടരട്ടെയെന്നും റിപ്പബ്ലിക്കന്‍മാരോടായി ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്‍റെ സന്ദേശം.
യുഎസ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയടക്കം വിലയിരുത്തല്‍. പെൻസിൽവേനിയയുടെ മിക്ക ഭാഗങ്ങളിലും മറ്റ് 16 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് അവസാനിച്ചു. വിസ്കോൻസിൻ, അരിസോന, മിഷിഗൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് അവസാനിക്കും
സ്വിങ് സ്‌റ്റേറുകളുടെ 'മൂഡ്' എങ്ങനെ?
ട്രംപോ കമലയോ എന്ന് തീരുമാനിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നത് സ്വിങ് സ്റ്റേറ്റ്‌സ് എന്നറിയപ്പെടുന്ന നെവാഡ, അരിസോന, മിഷിഗന്‍, പെനിസില്‍വേനിയ,വിസ്‌കോന്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കാരലിന എന്നീ ഏഴുസംസ്ഥാനങ്ങളാണ്. സ്വാധീനമുള്ള സംസ്ഥാനങ്ങളിലെല്ലാം കമലയും ട്രംപും മേല്‍ക്കൈ തുടര്‍ന്നാലും ചാഞ്ചാടുന്ന ഈ ഏഴ് സംസ്ഥാനങ്ങള്‍ ഇരുപക്ഷത്തെയും വെള്ളം കുടിപ്പിച്ചേക്കാം. അഭിപ്രായവോട്ടെടുപ്പ് അനുസരിച്ച് ഏഴില്‍ ആറിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. ജയിക്കണമെങ്കില്‍ ട്രംപിന് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുമായി 51 ഇലക്ടറല്‍ വോട്ടുകളെങ്കിലും വേണം. കമലയ്ക്ക് 44 വോട്ടുകള്‍ മതിയാകും. 2020 ല്‍ ഏഴില്‍ ആറും ബൈഡനൊപ്പമായിരുന്നുവെങ്കില്‍ ഇക്കുറി അവിടെയും ചാഞ്ചാട്ടം പ്രകടമാണ്.
ഏഴില്‍ ഏറ്റവുമധികം ഇലക്ടറല്‍ വോട്ടുള്ളത് പെനിസില്‍വേനിയയിലാണ്. 19 വോട്ടുകള്‍. പെനിസില്‍വേനിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പക്ഷത്തേക്ക് ചാഞ്ഞു. പക്ഷേ ഇക്കുറി ട്രംപിനോടാണ് നേരിയ ആഭിമുഖ്യമെന്ന് ചില അഭിപ്രായവോട്ടെടുപ്പുകള്‍ പറയുന്നത്. പക്ഷേ അതും ഉറപ്പിക്കാന്‍ കഴിയില്ല. ട്രംപിന് നേരെ 'വധശ്രമം' നടന്നതും പെന്‍സില്‍വേനിയയില്‍ വച്ചായിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ ഒരുശതമാനത്തില്‍ താഴെയാണ് ട്രംപിന്റെ മേല്‍ക്കൈ. അതുകൊണ്ട് തന്നെ ഫലം മാറിമറിയാം.
16 ഇലക്ടറല്‍ വോട്ടുള്ള ജോര്‍ജിയ 2020 ല്‍ ഡമോക്രാറ്റികുകളെ തുണച്ചപ്പോള്‍ അത്ര തന്നെ വോട്ടുള്ള നോര്‍ത്ത് കരോളൈനയില്‍ റിപബ്ലിക്കന്‍ ആധിപത്യമായിരുന്നു പ്രകടമായത്. ഇക്കുറി രണ്ട് സംസ്ഥാനങ്ങളിലും ട്രംപിന് പൊടിക്ക് ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. അതാവട്ടെ ജോര്‍ജിയയില്‍ ഒരുശതമാനത്തില്‍ കൂടുതലും നോര്‍ത്ത് കരോളൈനയില്‍ ഒരു ശതമാനത്തില്‍ താഴെയുമാണ്. കമല ഇഞ്ചോടിഞ്ച് പൊരുതുന്നുവെന്നര്‍ഥം. തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നതടക്കമുള്ള ട്രംപിനെതിരായ ആരോപണങ്ങളും ജോര്‍ജിയിലെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
2012 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് നോര്‍ത്ത് കാരലിനയില്‍ ജയിച്ചത്. പക്ഷേ 2020 ല്‍ ട്രംപ് ജയിച്ചത് വെറും 1.3 ശതമാനമെന്ന നേരിയ ഭൂരിപക്ഷത്തിലായിരുന്നു. ട്രംപിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇവിടെ നിന്നായിരുന്നു. ജോര്‍ജിയയാവട്ടെ നേരിയ ഭൂരിപക്ഷത്തിന് ബൈഡനെയാണ് 2020ല്‍ തുണച്ചത്. 2021 ല്‍ ഡമോക്രാറ്റുകള്‍ക്ക് രണ്ട് സെനറ്റ് സീറ്റും ഇവിടെ നിന്ന് ലഭിച്ചു.
15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗന്‍ ഡമോക്രാറ്റുകള്‍ക്കൊപ്പമായിരുന്നു 2020 ല്‍. ഇക്കുറിയും അതങ്ങനെ തന്നെയാകുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ പറയുന്നത്. പക്ഷേ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് ഇവിടെ കമലയുടെ ഭൂരിപക്ഷം. 2016 ല്‍ വോട്ടര്‍മാര്‍ ട്രംപിനെയാണ് തിരഞ്ഞെടുത്തതെങ്കിലും 2020 ല്‍ ഡമോക്രാറ്റുകള്‍ ആധിപത്യം നേടുകയായിരുന്നു. 2.8 ശതമാനമായിരുന്നു ബൈഡന്റെ ഭൂരിപക്ഷം.
ഇത്തവണത്തെ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിന് ഭേദപ്പെട്ട ഭൂരിപക്ഷം നല്‍കിയ സംസ്ഥാനമാണ് അരിസോന. 2016 ല്‍ ട്രംപിനെ തുണച്ചെങ്കിലും 2020 ല്‍ 0.3 ശതമാനം മാര്‍ജിന് ബൈഡനെ ജയിപ്പിച്ചു. 1990 ന്‌ശേഷം ഡമോക്രാറ്റുകള്‍ക്ക് ആദ്യമായാണ് അന്ന് അരിസോനയില്‍ ഭൂരിപക്ഷം ലഭിച്ചത്. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോനയിലുള്ളത്. കുടിയേറ്റമാണ് അരിസോനയിലെ വോട്ട് തീരുമാനിക്കുന്ന വിഷയം. ഒരുശതമാനത്തിന്റെ മേല്‍ക്കൈയാണ് അരിസോന അഭിപ്രായവോട്ടെടുപ്പില്‍ കമലയ്ക്ക് നല്‍കുന്നത്.
പത്ത് ഇലക്ടറല്‍ വോട്ടുകളാണ് വിസ്‌കോന്‍സിയനിലുള്ളത്. വിസ്‌കോന്‍സിയനും മിഷിഗനും പെനിസില്‍വേനിയയും പിടിച്ചാല്‍ കമല ചരിത്രം കുറിക്കും. 2020 ല്‍ ബൈഡനെ തുണച്ചത് പോലെ ഇത്തവണയും സംഭവിക്കുമെന്നാണ് ഡമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ട്രംപിന് മേല്‍ പരമാവധി ഒരുശതമാനത്തിന്റെ മേല്‍ക്കൈ കമലയ്ക്ക് ലഭിച്ചേക്കാമെന്ന് സര്‍വെകള്‍ പറയുന്നു.
തീര്‍ത്തും പ്രവചനാതീതമാണ് നെവാഡയിലെ രാഷ്ട്രീയ കാലാവസ്ഥ. ഡമോക്രാറ്റുകളെക്കാളും റിപബ്ലിക്കന്‍മാരെക്കാളും 'നിഷ്പക്ഷന്‍'മാര്‍ കൂടുതലുള്ള സംസ്ഥാനം. ആറ് ഇലക്ടറല്‍ വോട്ടുകളാണ് നെവാഡയിലുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കത്തിന് ഡമോക്രാറ്റുകളാണ് ഇവിടെ നിന്നും ജയിച്ചിട്ടുള്ളതും. ആറ് വോട്ടുകള്‍ മാത്രമായതിനാല്‍ നെവാഡ മറ്റ് സംസ്ഥാനങ്ങളെ പോലെ അത്ര നിര്‍ണായകമല്ല. എന്നിരുന്നാലും നെവാഡ ഇക്കുറി ട്രംപിനെ തുണച്ചേക്കുമെന്നാണ് അഭിപ്രായ സര്‍വെകള്‍ പ്രവചിക്കുന്നത്. 90ലേറെ ഇലക്ടറല്‍ വോട്ടുകളാണ് ഈ ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ മാത്രമുള്ളത്.