File Image

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര ജയത്തില്‍ പ്രിയ സുഹൃത്ത് ട്രംപിന് അഭിനന്ദനമെന്നായിരുന്നു മോദിയുടെ സന്ദേശം. ആഗോള സമാധാനത്തിനായും സുസ്ഥിരതയ്ക്കായും സമൃദ്ധിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഇന്ത്യ–യുഎസ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാകട്ടെയെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ട്രംപിന്‍റെ വിജയം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പടക്കം പൊട്ടിച്ചും ബാന്‍ഡ് കൊട്ടിയും ആളുകള്‍ ആഘോഷിച്ചു. അയോധ്യയിലെ ക്ഷേത്രത്തില്‍ പൂജയും നടന്നു. Also Read: അമേരിക്കയില്‍ വീണ്ടും ട്രംപ് യുഗം

സ്വിങ് സ്റ്റേറ്റുകളിലടക്കം ആധിപത്യം പ്രകടമാക്കിയാണ് ട്രംപ് അമേരിക്കയുടെ 47ാം പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ട്രംപ് ലീഡ് നിലനിര്‍ത്തി. പെനിസില്‍വേനിയ തൂത്തുവാരിയതോടെ ട്രംപിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു. 267 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ട്രംപിന് ലഭിച്ചിട്ടുള്ളത്. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്ക് 224 ഉം. 

അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിതെന്നും നോര്‍ത്ത് കാരൊളൈനയിലെയും ജോര്‍ജിയയിലെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും ഗംഭീരനേട്ടമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ദൈവം തന്‍റെ ജീവന്‍ രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് അനുയായികളെ അഭിസംബോധന ചെയ്ത് പറ‍ഞ്ഞു. 'ഏറ്റവും മികച്ച ജോലിയാണ് അമേരിക്കന്‍ ജനത എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആദ്യടേമില്‍ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കി, വാഗ്ദാനങ്ങള്‍ പാലിച്ചു. അതുതന്നെ ഇനിയും തുടരു'മെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Prime Minister Narendra Modi congratulated Donald Trump on his comeback as President