social-media-ban

പതിനാറ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലന്‍ററി യോഗത്തില്‍ നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് വ്യക്തമാക്കി. നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‌‌‌

കുട്ടികളുടെ മാനസികാരോഗ്യം സുരക്ഷ എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് വിവരം. സമൂഹമാധ്യമം കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന പലവിധ ആഘാതങ്ങളെക്കുറിച്ച് മാതാപിതാക്കളില്‍ ആശങ്ക വര്‍ധിക്കുകയാണ്. ഇത് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് വാദം.  

സമൂഹമാധ്യമത്തിലെ കുട്ടികളുടെ കടന്നുവരവ് തടയാനായി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം അതത് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. നിയമങ്ങൾ നടപ്പിലാക്കുന്നത് ഓസ്‌ട്രേലിയയുടെ ഓൺലൈൻ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അൽബാനീസ് പറഞ്ഞു.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കാണ് കൗമാരക്കാർ അവരുടെ ശ്രദ്ധയും കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഇവ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം നല്ല വശങ്ങളുമുണ്ട്. എന്നാല്‍ അതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന കുട്ടികള്‍ വിരളമാണ്. അതുകൊണ്ടാണ് പതിനാറ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നീക്കത്തിലേക്ക് കടക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

The Australian government will legislate for a ban on social media for children under age of 16. Prime Minister Anthony Albanese said that, in what it calls a world-leading package of measures that could become law late next year.