trump-kamala

തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ പ്രചാരണ വിഭാഗം വലിയ കട ബാധ്യതയിലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ പൊളിറ്റികോയുടെ കാലിഫോര്‍ണിയോ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കഡ്ലാഗോയുടെ എക്സ് പോസ്റ്റ് പ്രകാരം 20 മില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് കമലാ ഹാരിസിന്‍റെ പ്രചരണ സംഘത്തിനുള്ളത്. രണ്ടു കോടി ഡോളര്‍ അഥവാ 166 കോടി രൂപയോളം വരുമിത്. 

കമലാ ഹാരിസിന്‍റെ പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ബില്യണ്‍ (100 കോടി) ഡോളര്‍ സമഹാരിച്ചിരുന്നുവെന്നും ഒക്ടോബര്‍ 16 ന് ബാങ്ക് അക്കൗണ്ടില് 118 മില്യണ്‍ (11.8 കോടി) ഡോളറുണ്ടായിരുന്നുവെന്നും കാഡെലാഗോയുടെ പോസ്റ്റിലുണ്ട്. ഈ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാർട്ടിന്‍റെ മാത്യു ബോയിലും രംഗത്തെത്തി. 

Also Read: എല്ലാം ട്രംപിന്‍റെ കടാക്ഷം; നാല് ദിവസം കൊണ്ട് മസ്‍ക് നേടിയത് 4.15 ലക്ഷം കോടി; ചെലവ് 1,079 കോടി രൂപ

എത്രയും വേഗത്തില്‍ ഫണ്ട് തരപ്പെടുത്താനുള്ള നീക്കത്തിലാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്‍റെ ഡപ്യൂട്ടി ക്യാംപെയ്ൻ മാനേജർ റോബ് ഫ്ലാഹെർട്ടിയെന്നാണ് ബോയിൽ പറയുന്നത്. കമല ഹാരിസന്‍റെ പ്രചാരണ സംഘത്തിൽ ഉള്‍പ്പെട്ടവരെ ഉദ്ധരിച്ചാണ് മാത്യു ബോയിലിന്‍റെ വാദം. എന്നാൽ യുഎസിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും ഇത് ഏറ്റെടുത്തിട്ടില്ല. 

ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഒക്ടോബര്‍ മധ്യത്തോടെ കമലാ ഹാരിസിന്‍റെ പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടി 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ജോ ബൈഡന്‍ മത്സരാര്‍ഥിയായിരിക്കുന്ന സമയത്തായിരുന്നു ഈ തുക പിരിച്ചെടുത്തത്.

Also Read: 'നാടുവിടുന്നതാണ് നല്ലത്'; ട്രംപിന്‍റെ ജയത്തിന് പിന്നാലെ രക്ഷതേടി അമേരിക്കക്കാരുടെ ​ഗൂ​ഗിൾ സെർച്ച്

ഇതില്‍ 89 കോടി ഡോളര്‍ ഇക്കാലയളവില്‍ ചെലവാക്കി. ഒക്ടോബര്‍ മധ്യത്തില്‍ കമലാ ഹാരിസിന്‍റെ പ്രചാരണ വിഭാഗത്തില്‍ 11.8 കോടി ഡോളര്‍ ബാക്കിയുണ്ടായിരുന്നു. ട്രംപിന്‍റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നത് 3.62 കോടി ഡോളര്‍ മാത്രമാണ്.  ഈ നിലയില്‍ നിന്നാണ് കടകെണിയിലേക്ക് പോയത്. 

ഉയര്‍ന്ന കടമുള്ളതിനാല്‍ ശമ്പള കാര്യം എന്താകുമെന്ന ആശങ്കയിലാണ് പ്രചാരണ വിഭാഗത്തിലെ ജീവനക്കാർ. പരസ്യങ്ങൾക്കും മറ്റുമായി ചെലവഴിച്ച തുക എപ്പോൾ ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കച്ചവടക്കാരും. അതേസമയം കമല ഹാരിസിന്‍റെ പ്രചാരണ വിഭാഗത്തിലുണ്ടായിരുന്നവരെ സഹായിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് എക്സില്‍ കുറിച്ചു. 

ഡെമോക്രാറ്റുകളുടെ കയ്യില്‍ പണമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് ട്രംപിന്‍റെ പോസ്റ്റ്. ദുഷ്‌കരമായ ഘട്ടത്തിൽ അവരെ സഹായിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നതെന്തും ഒരു പാർട്ടി എന്ന നിലയില്‍ ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 

ENGLISH SUMMARY:

Kamala Harris campaign team in 20 million dollar debt; Donald Trump offers help