വിയറ്റ്നാമില്‍ മകളുടെ സൗന്ദര്യത്തില്‍ ആശങ്കപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി പിതാവ്. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. പരിശോധനയില്‍ യുവാവല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. പിന്നാലെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീട് സംഭവിച്ചതാകട്ടെ സിനിമയെ വെല്ലും ട്വിസ്റ്റ്.
സംഭവത്തെ കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതിങ്ങനെ... കൗമാരപ്രായത്തിലെത്തിയ തന്‍റെ മകള്‍ നാള്‍ക്കുനാള്‍ അതീവ സുന്ദരിയായി വരുന്നതാണ് പിതാവില്‍ സംശയം ജനിപ്പിച്ചത്. ഇതിനെചൊല്ലി ഭാര്യയുമായി മദ്യപിച്ചെത്തിയ യുവാവ് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഒരു രാത്രി, മദ്യപിച്ച ശേഷം, ഡിഎൻഎ പരിശോധനാ ഫലവുമായി ഭാര്യയുടെ മുന്നിലെത്തുകയും അവിഹിതബന്ധം ആരോപിക്കുകയും ചെയ്തു. ഭര്‍ത്താവിന്‍റെ സംശയരോഗം വര്‍ധിച്ചപ്പോള്‍ സഹികെട്ട് ഭാര്യ മകളുമായി വീടുവിട്ടിറങ്ങി.
താമസ സ്ഥലം മാറിയതോടെ യുവതിക്ക് മകളുടെ സ്കൂളും മാറേണ്ടി വന്നു. പുതിയ സ്കൂളിലെത്തിയ പെണ്‍കുട്ടി അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി പെട്ടെന്നു തന്നെ ചങ്ങാത്തത്തിലായി. ആശ്ചര്യമെന്നു പറയട്ടെ, ഇരുവരുടേയും ജനനതീയ്യതിയും ഒന്നുതന്നെയായിരുന്നു. പിന്നാലെ പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയെ വീട്ടിലെ ജന്മദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. അന്ന് വീട്ടിലെത്തിയ തന്‍റെ മകളുടെ കൂട്ടുകാരിയെ കണ്ട് കുട്ടിയുടെ മാതാവ് അമ്പരന്നു. ആസാധാരണമായ സാദൃശ്യമാണ് പെണ്‍കുട്ടിക്ക് ദമ്പതികളുടെ ഇളയ മകളുമായി ഉണ്ടായിരുന്നത്. സംശയം തോന്നിയ യുവതി പെൺകുട്ടിയുടെ കുടുംബത്തിനോടുമായി സംസാരിച്ച് ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.
ഈ പരിശോധനയാണ് ആശുപത്രിയുടെ അനാസ്ഥയിലേക്ക് വെളിച്ചം വീശിയത്. രണ്ട് പെൺകുട്ടികളും ജനിച്ചപ്പോൾ തന്നെ മാറിപ്പോയതാണെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. പരസ്പരം സംസാരിച്ച് സമവായത്തിലെത്തിയ ഇരുകുടുംബങ്ങളും ഇപ്പോള്‍ പതിവായി ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. അതേസമയം, ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
വിയറ്റ്നാമീസ് മാധ്യമമായ ഡോക്നാൻ റിപ്പോർട്ട് ചെയ്ത വാര്‍ത്ത ചൂടേറിയ ഓൺലൈൻ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. കൊറിയൻ ടിവി സീരിയലായ ‘ഓട്ടം ഇൻ മൈ ഹാർട്ടി’ലെ ട്വിസ്റ്റുകൾ പോലെ സിനിമയെ വെല്ലുന്നതാണ് സംഭവമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം, വെറുതേ ഡിഎൻഎ പരിശോധന നടത്തുന്നത് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടിട്ടുണ്ട്.